Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sourav Ganguly: ചൊവ്വാഴ്ചകളില്‍ ഉപവാസം, ക്രിക്കറ്റിലേക്ക് വന്നത് വലം കയ്യന്‍ ബാറ്ററായി; ഗാംഗുലിയെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സംഭവമാണ് ഗാംഗുലിയുടെ വിവാഹം

Sourav Ganguly: ചൊവ്വാഴ്ചകളില്‍ ഉപവാസം, ക്രിക്കറ്റിലേക്ക് വന്നത് വലം കയ്യന്‍ ബാറ്ററായി; ഗാംഗുലിയെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍
, ശനി, 8 ജൂലൈ 2023 (09:46 IST)
Sourav Ganguly: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുംബിസിസിഐ മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ഇന്ന് 51-ാം ജന്മദിനം ആഘോഷിക്കുകയാണ്. അധികം ആരും അറിയാത്ത പല കാര്യങ്ങളും ഗാംഗുലിയുടെ വ്യക്തിജീവിതത്തിലുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന്റെ ചൊവ്വാഴ്ചയിലെ ഉപവാസം. എല്ലാ ചൊവ്വാഴ്ചകളിലും ഗാംഗുലി ഉപവസിക്കുമത്രേ ! ഗാംഗുലി കടുത്ത ഈശ്വര വിശ്വാസിയാണ്. മതപരമായ കാര്യങ്ങള്‍ക്കെല്ലാം ഗാംഗുലി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈശ്വര വിശ്വാസത്തിന്റെ ഭാഗമായാണ് താരം ചൊവ്വാഴ്ചകളില്‍ ഉപവസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകയ്യന്‍ ബാറ്ററാണ് സൗരവ് ഗാംഗുലി. എന്നാല്‍ ഗാംഗുലി ക്രിക്കറ്റിലേക്ക് എത്തുന്നത് വലംകയ്യന്‍ ബാറ്ററായാണ്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഗാംഗുലി വലംകൈയന്‍ ആയിരുന്നു. മൂത്ത സഹോദരന്‍ സ്നേഹാഷിഷ് ഗാംഗുലിയും ക്രിക്കറ്റ് കളിക്കാരനായിരുന്നു. സഹോദരന്‍ ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ആയതിനാല്‍ പിന്നീട് ഗാംഗുലിയും ഇടംകൈ പരീക്ഷിക്കുകയായിരുന്നു. സ്നേഹാഷിഷില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാംഗുലി ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ആകുന്നത്. എന്നാല്‍, ഗാംഗുലി ബൗള്‍ ചെയ്യുന്നത് വലംകൈ കൊണ്ടാണ്. മറ്റ് എല്ലാ കാര്യങ്ങളിലും സൗരവ് വലംകൈയനാണ്. ബാറ്റിങ്ങില്‍ മാത്രമാണ് ഗാംഗുലി ഇടംകൈ ഉപയോഗിക്കുന്നത്. 
 
ഇപ്പോഴത്തെ ആരാധകര്‍ക്ക് അധികം അറിയാത്ത കാര്യമാണ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മിലുള്ള പ്രണയം. 
ഗാംഗുലി ഇന്ത്യന്‍ നായകന്‍ ആയിരുന്ന സമയത്താണ് നഗ്മയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഡേറ്റിങ്ങില്‍ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ആ സമയത്ത് ഇതേ കുറിച്ച് ഇരു താരങ്ങളും തുറന്നുപറഞ്ഞിട്ടില്ല. നഗ്മയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുന്ന സമയത്ത് തന്നെയാണ് ഗാംഗുലി ഡോണയെ വിവാഹം കഴിക്കുന്നത്. എന്നാല്‍, നഗ്മ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 
 
ഗാംഗുലിയുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് നഗ്മ നല്‍കിയ മറുപടികള്‍ പിന്നീട് വലിയ ചര്‍ച്ചയായി. ഒരിക്കല്‍ പോലും ഗാംഗുലിയുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് നഗ്മ പറഞ്ഞിട്ടില്ല. ഗോസിപ്പുകളെയൊന്നും നഗ്മ നിഷേധിക്കാത്തതിനാല്‍ ഗാംഗുലിയുമായുള്ള ബന്ധം സത്യമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പ്രൊഫഷണല്‍ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് നഗ്മയും ഗാംഗുലിയും പ്രണയബന്ധം വേര്‍പിരിഞ്ഞതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
 
ഗാംഗുലിയും ഡോണയും വിവാഹിതരായത് വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്നാണ്. കൊല്‍ക്കത്തയിലെ അതിസമ്പന്ന കുടുംബത്തിലാണ് ഗാംഗുലി ജനിച്ചത്. രാജകുടുംബത്തിലാണ് ഗാഗുലിയുടെ ജനനം. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നാണ് ഗാംഗുലിക്ക് ക്രിക്കറ്റ് ലോകം നല്‍കിയ വിശേഷണം. കളിക്കളത്തില്‍ ധൈര്യത്തിന്റെയും കരുത്തിന്റെയും ആള്‍രൂപമായിരുന്നു ഗാംഗുലി. വ്യക്തിജീവിതത്തിലും അങ്ങനെ തന്നെ. 
 
വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സംഭവമാണ് ഗാംഗുലിയുടെ വിവാഹം. ബാല്യകാല സുഹൃത്ത് കൂടിയായ ഡോണയെയാണ് ഗാംഗുലി വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹവും ചില്ലറ പുകിലുകളല്ല ഉണ്ടാക്കിയിരിക്കുന്നത്. ഡോണയും ഗാംഗുലിയും തമ്മില്‍ അടുത്ത സുഹൃദ്ബന്ധമുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഡോണയെ കാണാനായി ഡോണയുടെ വീടിനു മുന്നിലും സ്‌കൂളിന് മുന്നിലും പോയിനില്‍ക്കുമായിരുന്നു ഗാംഗുലി. കൊല്‍ക്കത്തയിലെ ഒരു ചൈനീസ് ഹോട്ടലില്‍ വച്ചാണ് ഗാംഗുലിയുടെയും ഡോണയുടെയും ആദ്യ ഡേറ്റിങ്. തനിക്ക് കഴിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ അധികം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഗാംഗുലി അന്ന് ഓര്‍ഡര്‍ ചെയ്തു എന്നാണ് ഡോണ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. ആദ്യ ഡേറ്റിങ്ങിന് ശേഷം ഇരുവരും തമ്മിലുള്ള പ്രണയം ഗാഢമായി. 
 
ഗാംഗുലിയുടെയും ഡോണയുടെയും വീട്ടുകാര്‍ തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു. ഡോണയുടെ പിതാവിന് ഗാംഗുലിയുടെ പിതാവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗാംഗുലിയുടെയും ഡോണയുടെയും ബന്ധത്തിന് വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചു. 
 
വീട്ടുകാരുടെ എതിര്‍പ്പ് മറികടക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഗാംഗുലി ഡോണയെയും കൊണ്ട് ഒരു ദിവസം ഒളിച്ചോടി. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് രഹസ്യമായി ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഗാംഗുലിയും ഡോണയും രഹസ്യമായി വിവാഹം കഴിച്ച കാര്യം പിന്നീട് വീട്ടുകാര്‍ അറിഞ്ഞു. ഒടുവില്‍ 1997 ഫെബ്രുവരി ഒന്നിന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഔദ്യോഗികമായി വിവാഹം നടക്കുകയായിരുന്നു. 
 
1972 ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജനനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മനോഭാവം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗാംഗുലി. 1992 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കപ്പെടുന്നത്. എന്നാല്‍, ആ പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ടീമില്‍ ഇടം പിടിക്കാന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ്. 1996 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയാണ് ഗാംഗുലി ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്. 
 
ടെസ്റ്റിലും ഏകദിനത്തിലും നാല്‍പ്പതില്‍ കൂടുതല്‍ ശരാശരിയുടെ ബാറ്റ്സ്മാനാണ് സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റ് മത്സരങ്ങളും ഗാംഗുലി കളിച്ചു. ഏകദിനത്തില്‍ 41.02 ശരാശരിയോടെ 11,363 റണ്‍സും ടെസ്റ്റില്‍ 42.17 ശരാശരിയോടെ 7,212 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി 38 സെഞ്ചുറികളും ഗാംഗുലി നേടിയിട്ടുണ്ട്. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്മയുമായി ഗാംഗുലിയുടെ പ്രണയം, ഒടുവില്‍ ഡോണയെ വിവാഹം കഴിച്ചു; സൂപ്പര്‍താരത്തിന്റെ ജീവിതം ഇങ്ങനെ