Tilak Varma: വേഗം ടീമില്‍ കയറ്റാന്‍ നോക്ക്, ഇതുപോലൊരു ഐറ്റത്തെ പെട്ടന്നൊന്നും കിട്ടില്ല; തിലക് വര്‍മയില്‍ മറ്റൊരു യുവരാജ് ഉണ്ടെന്ന് ആരാധകര്‍, ഇന്ത്യന്‍ ടീമിലേക്ക് വിളിക്കണമെന്ന് ആവശ്യം
ഈ സീസണില്‍ പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ തിലക് പുറത്തായത് അര്‍ഷ്ദീപ് സിങ്ങിന്റെ ബോളിലാണ്
Tilak Varma: കഴിഞ്ഞ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ അവിഭാജ്യ
ഘടകമാണ് യുവതാരം തിലക് വര്‍മ. മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തിലേ പോയാല്‍ ഒരറ്റത്ത് നങ്കൂരമിട്ട് ഇന്നിങ്‌സ് കെട്ടിപ്പടുക്കണോ, അതോ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന ഓവറുകളില്‍ ബൗണ്ടറി നേടി ഫിനിഷ് ചെയ്യണോ രണ്ടിനും തിലക് തയ്യാറാണ്. സമീപകാലത്ത് ഐപിഎല്‍ കണ്ടെത്തിയ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒന്ന്. ഇപ്പോള്‍ പ്രായം വെറും 20 വയസ് മാത്രമാണ്. തിലകിനെ വേഗം ഇന്ത്യന്‍ ടീമിലേക്ക് വിളിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
2002 നവംബര്‍ എട്ടിന് ഹൈദരബാദിലാണ് തിലകിന്റെ ജനനം. 2018 ല്‍ ആന്ധ്രാപ്രദേശിനെതിരെ കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. പിന്നീട് തിലകിന് പിന്നിലേക്ക് തിരിച്ചുനടക്കേണ്ടി വന്നിട്ടില്ല. 2020 ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലേക്ക് ക്ഷണം ലഭിച്ചതോടെ തിലകിന്റെ നല്ല കാലം തെളിഞ്ഞു. അവിടെ നിന്ന് 2022 ലെ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സില്‍. 1.70 കോടിക്കാണ് മുംബൈ തിലകിനെ സ്വന്തമാക്കിയത്. മധ്യനിരയില്‍ മുംബൈ വിശ്വസിച്ചു ബാറ്റ് ഏല്‍പ്പിക്കുന്ന യുവതാരമാണ് ഇന്ന് തിലക്.
ഈ സീസണില്‍ പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ തിലക് പുറത്തായത് അര്‍ഷ്ദീപ് സിങ്ങിന്റെ ബോളിലാണ്. അര്‍ഷ്ദീപിന്റെ തീയുണ്ടയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ തിലകിന് സാധിച്ചില്ല. മിഡില്‍ സ്റ്റംപ് രണ്ടായി പിളര്‍ന്നു. എല്ലാവരും തിലകിനെ പരിഹസിച്ചു. എന്നാല്‍ അര്‍ഷ്ദീപിന്റെ ആ പന്ത് തിലക് ഒരിക്കലും മറന്നില്ല. അതിനു പകരം വീട്ടാന്‍ താരം കാത്തിരുന്നു. ഒടുവില്‍ സീസണിലെ രണ്ടാം മത്സരത്തില്‍ അര്‍ഷ്ദീപിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പറത്തി ആ പകരംവീട്ടല്‍ നടത്തി. ഈ ഇരുപതുകാരനില്‍ ഒരു ഫയര്‍ ഉണ്ടെന്ന് ആരാധകര്‍ ഉറപ്പിച്ച ഇന്നിങ്‌സ് ആയിരുന്നു അത്. ഒടുവില്‍ അര്‍ഷ്ദീപിന്റെ തന്റെ പന്തില്‍ 102 മീറ്റര്‍ കൂറ്റന്‍ സിക്‌സര്‍ പറത്തി തിലക് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. 10 പന്തില്‍ പുറത്താകാതെ 26 റണ്‍സാണ് തിലക് പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ നേടിയത്.
ഇന്ത്യക്ക് ട്വന്റി 20 ഫോര്‍മാറ്റില്‍ അത്യന്തം അപകടകാരിയായ ഒരു ഇടംകയ്യന്‍ ബാറ്റര്‍ അത്യാവശ്യമാണ്. ആ വിടവ് പരിഹരിക്കാന്‍ തിലകിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വമ്പന്‍ സ്‌ട്രോക്കുകള്‍ കളിക്കാനുള്ള കഴിവ് തിലകിനുണ്ട്. 25 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 56.18 ശരാശരിയും 101.64 സ്‌ട്രൈക്ക് റേറ്റുമായി 1236 റണ്‍സാണ് തിലക് നേടിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 11 ഇന്നിങ്‌സുകളില്‍ നിന്ന് 40.90 ശരാശരിയോടെ 409 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലിലേക്ക് വന്നാല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 23 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറികളോടെ 671 റണ്‍സ്. ഈ സീസണില്‍ മാത്രം ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 158.38 സ്‌ട്രൈക്ക് റേറ്റില്‍ 274 റണ്‍സ് ! ടീം ഒന്നടങ്കം തകര്‍ന്ന ആര്‍സിബിക്കെതിരായ മത്സരത്തില്‍ 46 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 84 റണ്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇടംകയ്യന്‍ ബാറ്റര്‍ ആയതിനാല്‍ തന്നെ തിലക് വര്‍മയില്‍ മറ്റൊരു യുവരാജ് ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ചൊരു ഫിനിഷറായും തിലകിനെ ഉപയോഗിക്കാന്‍ സാധിക്കും. അടുത്ത ട്വന്റി 20 ലോകകപ്പ് ആകുമ്പോഴേക്കും ഇന്ത്യയുടെ മധ്യനിരയിലേക്ക് തിലക് വരണമെന്നും ഇല്ലെങ്കില്‍ നഷ്ടം ഇന്ത്യക്ക് തന്നെയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.