Asia Cup 2023: ഇന്ത്യയുടെ ടീം പ്രഖ്യാപനം നീളുന്നത് ആ രണ്ട് താരങ്ങള്‍ക്ക് വേണ്ടി, സഞ്ജുവിന്റെ സാധ്യത ഫിഫ്റ്റി-ഫിഫ്റ്റി !
അതേസമയം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കുമോ എന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരമായിട്ടില്ല
Asia Cup 2023: ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഇനി 15 ദിവസങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളെല്ലാം ഏഷ്യാ കപ്പിനുള്ള തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ വരും ദിവസങ്ങളില്‍ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിക്കും. രണ്ട് താരങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യ ടീം പ്രഖ്യാപനം വൈകിപ്പിക്കുന്നത്. പരുക്കില്‍ നിന്ന് മുക്തരായ കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നീ താരങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യയുടെ കാത്തിരിപ്പ്.
ഇരുവരും പരുക്കില്‍ നിന്ന് മുക്തരായി പരിശീലനം ആരംഭിച്ചെങ്കിലും 50 ഓവര്‍ മത്സരം കളിക്കാന്‍ സാധിക്കുന്ന വിധം പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തോ എന്ന് പരിശോധിക്കുകയാണ് ഇന്ത്യ. അതിനു വേണ്ടിയാണ് ടീം പ്രഖ്യാപനം നീട്ടിയിരിക്കുന്നത്. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഓഗസ്റ്റ് 20 ന് ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ശ്രേയസും രാഹുലും ഇപ്പോള്‍ ഉള്ളത്. ഇരുവരും പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ അവരെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും സ്‌ക്വാഡ് പ്രഖ്യാപിക്കുക.
അതേസമയം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കുമോ എന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരമായിട്ടില്ല. ശ്രേയസും രാഹുലും ടീമിലേക്ക് തിരിച്ചെത്തിയാല്‍ സഞ്ജുവിന്റെ സാധ്യതകള്‍ അസ്തമിക്കും. രാഹുലിന് ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. നാലാം നമ്പറില്‍ തിലക് വര്‍മയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. തിലക് കൂടി സ്‌ക്വാഡില്‍ ഉള്‍പ്പെട്ടാല്‍ സഞ്ജുവിന്റെ സാധ്യത പൂര്‍ണമായും അസ്തമിക്കും.