Rohit Sharma: ക്യാപ്റ്റനായി തുടരാന്‍ പറ്റില്ലെന്ന് സെലക്ടര്‍മാര്‍, എങ്കില്‍ കളിക്കാനില്ലെന്ന് രോഹിത്; വിരമിക്കല്‍ തീരുമാനം നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ
Rohit Sharma: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കാന്‍ രോഹിത് അതിയായി ആഗ്രഹിച്ചിരുന്നു
Rohit Sharma: നായകസ്ഥാനത്തു നിന്ന് നീക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് പുതിയ നായകനെ പ്രഖ്യാപിക്കാന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കാന്‍ രോഹിത് അതിയായി ആഗ്രഹിച്ചിരുന്നു. നായകസ്ഥാനത്ത് രോഹിത് തുടരട്ടെയെന്ന നിലപാടിലായിരുന്നു ബിസിസിഐയും. എന്നാല്‍ മോശം ഫോമിലുള്ള രോഹിത് ഇനിയും ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ തുടരുന്നതില്‍ അഗാര്‍ക്കര്‍ ശക്തമായി വിയോജിച്ചു. ചാംപ്യന്‍സ് ട്രോഫി കിരീടം നേടിത്തന്നു എന്നതുകൊണ്ട് മാത്രം റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് നായകനായി തുടരട്ടെ എന്നു തീരുമാനിക്കുന്നത് യുക്തിപരമല്ലെന്ന് അഗാര്‍ക്കര്‍ നിലപാടെടുത്തു.
രോഹിത് തുടരുന്നതില്‍ സെലക്ഷന്‍ കമ്മിറ്റി എതിര്‍പ്പ് അറിയിച്ചതോടെ ബിസിസിഐയും വഴങ്ങി. രോഹിത്തിനെ നായകസ്ഥാനത്തു നീക്കാമെന്നും എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കട്ടെയെന്നും സെലക്ടര്‍മാരും ബിസിസിഐയും തീരുമാനിച്ചു. നായകസ്ഥാനത്തു നിന്ന് ഒഴിവാക്കുകയാണെങ്കില്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് രോഹിത് ബിസിസിഐയെ അറിയിക്കുകയും അതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സമീപകാലത്ത് ടെസ്റ്റില്‍ വളരെ മോശം പ്രകടനമാണ് രോഹിത് നടത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് ഫോം ഔട്ടിനെ തുടര്‍ന്ന് രോഹിത് മാറിനിന്നത് വലിയ ചര്‍ച്ചയായിരുന്നു. രോഹിത്തിന്റെ അവസാന 16 ഇന്നിങ്‌സുകള്‍ ഇങ്ങനെയാണ്: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6, 10, 3, 9 ! അവസാന 16 ഇന്നിങ്‌സുകളില്‍ രണ്ടക്കം കണ്ടിരിക്കുന്നത് വെറും അഞ്ച് തവണ മാത്രം.