ലോകകപ്പ് ജേതാക്കള്‍ നാട്ടിലെത്തി; ആഘോഷ പ്രകടനം തത്സമയം കാണാന്‍ ചെയ്യേണ്ടത്
ലോകകപ്പ് ജേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്
ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ നാട്ടിലെത്തി. ബര്‍ബഡോസില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ 16 മണിക്കൂര്‍ യാത്ര ചെയ്താണ് ലോകകപ്പ് ടീം ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ ആരാധകര്‍ ഇന്ത്യന്‍ ടീമിനു ഉജ്ജ്വല സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ നിന്ന് നേരെ ഐടിസി മൗര്യ ഹോട്ടലിലേക്കാണ് താരങ്ങളെ കൊണ്ടുപോയത്.
ലോകകപ്പ് ജേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ച വരെ ടീം പ്രധാനമന്ത്രിയുടെ വസതിയില്‍ ആയിരിക്കും. താരങ്ങള്‍ക്ക് ഭക്ഷണവും പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്കു രണ്ട് മണിയോടെ ടീം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് തിരിക്കും. വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെ നരിമാന്‍ പോയിന്റില്‍ നിന്നും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ഓപ്പണ്‍ ബസില്‍ റോഡ് ഷോ. വൈകിട്ട് ഏഴ് മുതല്‍ ഏഴര വരെ വാങ്കഡെ സ്റ്റേഡിയത്തില്‍ സ്വീകരണ യോഗം. ഇവിടെ വെച്ച് ലോകകപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക വിതരണം ചെയ്യും. ഇന്നു രാത്രി താജ് ഹോട്ടലിലാകും ടീം തങ്ങുക.
ഇന്ത്യയുടെ വിജയാഘോഷം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, ഹിന്ദി 1, 3 ചാനലുകളിലും സ്‌പോര്‍ട്‌സ് 18, ജിയോ സിനിമ എന്നിവയിലും തത്സമയം സംപ്രേഷണം ചെയ്യും. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ജേതാക്കളാകുന്നത്. 2013 നു ശേഷമുള്ള ഇന്ത്യയുടെ ഐസിസി കിരീടം കൂടിയാണ് ഇത്.