World Test Championship Final: നാട്ടിലെ നാണക്കേട് മാത്രമല്ല ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും പുറത്തേക്ക് ! പടിക്കല്‍ കലമുടയ്ക്കുന്ന ഇന്ത്യ
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അവശേഷിക്കുന്നത്
World Test Championship Final: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക് വീണ് ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വിയ്ക്കു പിന്നാലെ ഇന്ത്യ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. മികച്ച പോയിന്റ് ശതമാനത്തോടെ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന ഇന്ത്യ ഇപ്പോള്‍ ഓസ്‌ട്രേലിയയ്ക്കു താഴെയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കു സാധിക്കുമോ എന്നാണ് ആരാധകരുടെ സംശയം !
ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ തോല്‍വികള്‍ക്കു പിന്നാലെ ഇന്ത്യയുടെ പോയിന്റ് ശതമാനം 62.82 ആയി ഇടിഞ്ഞിരുന്നു. അപ്പോഴും ഇന്ത്യ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ വാങ്കഡെയില്‍ നടന്ന മൂന്നാം മത്സരത്തില്‍ കിവീസിനോടു 25 റണ്‍സിനു തോറ്റതോടെ പോയിന്റ് ശതമാനം 58.33 ആയി കുറഞ്ഞു. ഇതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി. 62.50 പോയിന്റ് ശതമാനമാണ് ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്ക്കുള്ളത്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അവശേഷിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ഇതില്‍ നാലെണ്ണത്തില്‍ ജയിച്ചാല്‍ മറ്റു ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാം. അതേസമയം ഓസ്‌ട്രേലിയയ്ക്ക് ഇനി ഏഴ് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതില്‍ നാലെണ്ണത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാം. 55.56 പോയിന്റ് ശതമാനത്തോടെ ശ്രീലങ്കയും 54.55 പോയിന്റ് ശതമാനത്തോടെ ന്യൂസിലന്‍ഡുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ തോറ്റാല്‍ മറ്റു ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍.