ശക്തരായ ന്യൂസിലന്‍ഡിനെ ആദ്യ ഏകദിനത്തില്‍ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ഏകദിനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന് സൂചന. ലോകകപ്പ് അടുത്തുവരുന്നതിനാല്‍ അഴിച്ചു പണികള്‍ നടത്തി ടീമിനെ കൂടുതല്‍ ശക്തമാക്കാനാണ് വിരാട് കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്‌ത്രിയുടെയും തീരുമാനം.
ബാറ്റിംഗ് നിര ശക്തമാണെങ്കിലും ബോളിംഗ് നിര ആശങ്കയുണ്ടാക്കുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരാണ് ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ മുന്നിലുള്ളത്. ഷമിയും ബുമ്രയും ഇഷാന്തും ടെസ്‌റ്റ് ബോളര്‍മാരാണ്.
ലോകകപ്പില്‍ ബുമ്ര, ഷമി, ഭൂവി എന്നിവര്‍ കളിക്കുമെന്ന് ഉറപ്പാണ്. ഈ മൂന്നു പേരില്‍ ആരെങ്കിലും ഒരാള്‍ മോശം ഫോമിലാണെങ്കില്‍ മറ്റൊരു മികച്ച പേസര്‍ ഇന്ത്യക്കില്ല. ഈ സാഹചര്യത്തിലാണ് വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ് എന്നിവരെ കോഹ്‌ലി തുടര്‍ച്ചയായി പരീക്ഷിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ വിജയ് ശങ്കര്‍ക്ക് തിളങ്ങാനാകാത്തതിനാല്‍ രണ്ടാം ഏകദിനത്തില്‍ ഖലീല്‍ അഹമ്മദ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ലോകകപ്പ് മുന്‍ നിര്‍ത്തിയുള്ള പരീക്ഷണങ്ങള്‍ വിദേശത്ത് നിന്ന് തന്നെ ആരംഭിക്കാമെന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനുള്ളത്.
മഹേന്ദ്ര സിംഗ് ധോണിയടക്കമുള്ള ബാറ്റ്‌സ്‌മാന്മാര്‍ ഫോം കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. ധോണിയുടെ പ്രകടനം ടീമിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്. ലോകകപ്പ് മുന്‍ നിര്‍ത്തി ക്യാപ്‌റ്റന്‍ വിരട് കോഹ്‌ലിക്ക് കൂടുതല്‍ വിശ്രമം നല്‍കാനും ആലോചന നടക്കുന്നുണ്ട്.