വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണിന് ഇന്ന് തുടക്കമാവും. ഗുജറാത്ത് ജയന്‍്‌സും നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. വഡോദരയില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരങ്ങള്‍ തുടങ്ങുക. ആര്‍സിബി ഉള്‍പ്പടെ 5 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
സോഫി ഡിവൈന്‍, സോഫി മെലിനോക്‌സ്, കെയ്റ്റ് ക്രോസ് എന്നിവര്‍ പിന്മാറിയതിന് പുറമെ മലയാളി താരം ആശ ശോഭനയ്ക്ക് പരിക്കേറ്റതും ആര്‍സിബിക്ക് തിരിച്ചടിയാണ്. വനിതാ ലോകകപ്പിനിടെ കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് സീസണ്‍ മുഴുവന്‍ തന്നെ നഷ്ടമാകും. കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളുമായി മികച്ച പ്രകടനമാണ് ആശ ശോഭന നടത്തിയത്. സ്മൃതി മന്ദാന, എല്ലിസ് പെറി,റിച്ച ഘോഷ്, ഡാനിയേല വ്യാറ്റ്, രേണുക സിംഗ് എന്നിവരിലാണ് ആര്‍സിബിയുടെ പ്രതീക്ഷ.
അതേസമയം ആഷ്‌ലി ഗാര്‍ഡ്‌നറുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ശക്തമായ നിരയാണ്. ലോറ വോള്‍വാര്‍ട്ട്, ബേത്ത് മൂണി, ഹാര്‍ലിന്‍ ഡിയോള്‍, പ്രിയ മിശ്ര, ഡയലന്‍ ഹേമലത എന്നിവരാണ് ഗുജറാത്തിന്റെ പ്രധാനതാരങ്ങള്‍.