ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്ന് തുടക്കമാവുമ്പോൾ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ കടുത്ത ആവേശത്തിലാണ്. ആരായിരിക്കും ടെസ്റ്റ് ലോകത്തിന്റെ രാജാവ് എന്നതിന് ഉത്തരം തേടുമ്പോൾ ഒരു ശരാശരി ഇന്ത്യൻ ആരാധകൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസം കൂടിയാണ് ജൂൺ 18. നാല് വർഷം മുൻപ് ഇതേ ദിവസം മറ്റൊരു ഐസിസി ഫൈനലിൽ ഇന്ത്യ ദയനീയമായി തോൽവി ഏറ്റുവാങ്ങിയിരുന്നു എന്നതാണ് ഇതിന് കാരണം.
2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാന് മുൻപിൽ കീഴടങ്ങിയത് ഒരു ജൂൺ 18ന് ആയിരുന്നു. മത്സരത്തിൽ 180 റൺസിനാണ് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പാകിസ്ഥാൻ മുന്നിൽ വെച്ച 339 റൺസെന്ന ടോട്ടൽ പിന്തുടർന്ന ഇന്ത്യ 158 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
106 പന്തിൽ 114 റൺസുമായി ഫഖർ സമാൻ അടിച്ചുകസറിയ മത്സരത്തിൽ ചേസ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് മുഹമ്മദ് ആമിറിന്റെ തീ തുപ്പുന്ന പന്തുകൾക്ക് മറുപടിയുണ്ടായിരുന്നില്ല.