Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓവലില്‍ 2001 ആവര്‍ത്തിക്കുമോ? തകര്‍ച്ചയിലും പ്രതീക്ഷ കൈവിടാതെ ഇന്ത്യന്‍ ആരാധകര്‍; അന്ന് സംഭവിച്ചത് ഇതാണ്

ഇന്ത്യ ഫോളോ-ഓണ്‍ വഴങ്ങാനുള്ള സാധ്യതയാണ് ആരാധകര്‍ അടക്കം പ്രവചിക്കുന്നത്

ഓവലില്‍ 2001 ആവര്‍ത്തിക്കുമോ? തകര്‍ച്ചയിലും പ്രതീക്ഷ കൈവിടാതെ ഇന്ത്യന്‍ ആരാധകര്‍; അന്ന് സംഭവിച്ചത് ഇതാണ്
, വെള്ളി, 9 ജൂണ്‍ 2023 (08:43 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തകര്‍ച്ചയുടെ വക്കിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ ഇതുവരെ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രം. ഓസ്‌ട്രേലിയയുടെ സ്‌കോറില്‍ നിന്ന് 318 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍. മാത്രമല്ല ഫോളോ-ഓണ്‍ ഭീഷണിയും നിലനില്‍ക്കുന്നു. ഫോളോ-ഓണ്‍ ഒഴിവാക്കണമെങ്കില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 270 റണ്‍സെങ്കിലും നേടണം. അതായത് ഫോളോ-ഓണില്‍ നിന്ന് ഇപ്പോഴും 119 റണ്‍സ് അകലെയാണ് ഇന്ത്യ. ശേഷിക്കുന്നത് വാലറ്റത്തെ അഞ്ച് വിക്കറ്റുകളും. 
 
ഇന്ത്യ ഫോളോ-ഓണ്‍ വഴങ്ങാനുള്ള സാധ്യതയാണ് ആരാധകര്‍ അടക്കം പ്രവചിക്കുന്നത്. ഓസീസ് ബൗളര്‍മാരെ ഇന്നത്തെ ആദ്യ സെഷന്‍ മുഴുവന്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയുടെ വാലറ്റത്തിനു സാധിക്കില്ലെന്ന് ആരാധകര്‍ പറയുന്നു. അതേസമയം, ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും പ്രതീക്ഷ കൈവിടുന്നില്ല. ഫോളോ-ഓണ്‍ വഴങ്ങിയ ശേഷം ഓസ്‌ട്രേലിയയെ 171 റണ്‍സിന് തോല്‍പ്പിച്ച ചരിത്രം ഇന്ത്യക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 
 
2001 മാര്‍ച്ചില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റിലാണ് ആദ്യ ഇന്നിങ്‌സില്‍ നാണംകെട്ട ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഐതിഹാസിക തിരിച്ചുവരവ് നടത്തിയത്. അന്ന് ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 171 ല്‍ അവസാനിച്ചിരുന്നു. 
 
ഒന്നാം ഇന്നിങ്‌സില്‍ 274 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഫോളോ-ഓണ്‍ ചെയ്യിച്ചതിനാല്‍ ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിനയക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 657 റണ്‍സ് നേടിയ ശേഷം ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 212 ന് ഓള്‍ഔട്ടായി. 171 റണ്‍സിന്റെ വിജയമാണ് അന്ന് ഇന്ത്യ സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍ സംഭവിച്ചതുപോലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകരുടെ വിശ്വാസം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WTC Final, India vs Australia: നാണക്കേടിന്റെ വക്കത്ത് ഇന്ത്യ, വമ്പന്‍ തോല്‍വിയിലേക്കോ? ഇനി രഹാനെ രക്ഷിക്കണം