ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ യുവതാരം യശ്വസി ജയ്സ്വാളിൻ്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ മികച്ച ടോട്ടലിലേക്ക്. ഒന്നാം ദിനം അവസാനിക്കുമ്പോൾ ജയ്സ്വാൾ പുറത്താകാതെ നേടിയ 179 റൺസിൻ്റെ ബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് ഇന്ത്യ നേടിയത്. അരങ്ങേറ്റക്കാരൻ ഷോയ്ബ് ബഷീർ 2 വിക്കറ്റുകൾ നേടിയപ്പോൾ ജെയിംസ് ആൻഡേഴ്സൺ,ടോം ഹാർട്‌ലി,റെഹാൻ അഹമ്മദ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് 40 റൺസിൽ നിൽക്കെ ഓപ്പണറായ നായകൻ രോഹിത് ശർമയെ നഷ്ടപ്പെട്ടു. യുവതാരം ഷോയ്ബ് ബഷീറിൻ്റെ പന്തിൽ ഒലി പോപ്പിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. പിന്നാലെയെത്തിയ ഗിൽ നന്നായി തന്നെ തുടങ്ങിയെങ്കിലും ജെയിംസ് ആൻഡേഴ്സൻ്റെ പന്തിൽ കീപ്പർ ബെൻ ഫോക്സിന് ക്യാച് നൽകി മടങ്ങി. ലഞ്ചിന് ശേഷം ശ്രേയസ് അയ്യരും മടങ്ങി. പിന്നീടെത്തിയ അരങ്ങേറ്റക്കാരൻ രജത് പാട്ടീദാർ ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി വിക്കറ്റ് നഷ്ടമായി.
എന്നാൽ തുടരെ വിക്കറ്റ് വീഴുമ്പോഴും ഒരു വശത്ത് മികച്ച രീതിയിൽ ബാറ്റ് വീശിയ ജയ്സ്വാൾ ഇതിനിടയിൽ സെഞ്ചുറി പൂർത്തിയാക്കി. ടെസ്റ്റിൽ താരത്തിൻ്റെ രണ്ടാമത് സെഞ്ചുറിയാണിത്.ഒന്നാം ദിവസം അവസാനിക്കുമ്പോൾ 257 പന്തിൽ 17 ബൗണ്ടറികളുടെയും 5 സിക്സുകളുടെയും അകമ്പടിയിൽ 179 റൺസാണ് താരം നേടിയത്. ഒന്നാം ദിനം അവസാനിക്കുമ്പോൾ യശ്വസി ജയ്സ്വാളൂം 5 റൺസുമായി ആർ അശ്വിനുമാണ് ക്രീസിലുള്ളത്.