വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീം എങ്ങനെയാകുമെന്ന ആശങ്കകള്‍ തുടരുകയാണ്. ടീം പ്രഖ്യാപനം വെള്ളിയാഴ്‌ച ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. സിലക്‌ഷൻ കമ്മിറ്റി യോഗം വിളിക്കേണ്ടതു ബിസിസിഐ സെക്രട്ടറിയല്ലെന്നും കമ്മിറ്റി ചെയർമാൻ ആയിരിക്കണമെന്നും ക്രിക്കറ്റ് ഭരണസമിതി നിർദേശിച്ചതിനെ തുടർന്നാണു തീയതി മാറ്റിയത്.
വിന്‍ഡീസ് പര്യടനത്തിനുള്ള നിരയാകും ഇന്ത്യയുടെ ഭാവിയിലെ ടീം എന്ന റിപ്പോര്‍ട്ടും നിലവിലുണ്ട്. മുതിര്‍ന്ന താരങ്ങള്‍ ഒഴിവാക്കപ്പെടാനും യുവതാരങ്ങള്‍ ടീമിലെത്താനുമാണ് സാധ്യത. സമകാലീന ക്രിക്കറ്റിലെ ഏറ്റവും തലയെടുപ്പുള്ള കളിക്കാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയടക്കമുള്ളവരുടെ ക്രിക്കറ്റ് ഭാവി ഏറെക്കുറെ അവസാനിച്ചു.
വിന്‍ഡീസ് പര്യടനത്തില്‍ യുവതാരം ഋഷഭ് പന്തിന് മാര്‍ഗദര്‍ശിയായി ധോണി ടീമിലുണ്ടാകും. എന്നാല്‍, സ്ഥാനം തെറിക്കാന്‍ സാധ്യതയുള്ള ഒരു പിടി താരങ്ങള്‍ നിലവിലെ ടീമിലുണ്ട്. ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്താകും. ഇവരില്‍ ജഡേജയ്‌ക്ക് മാത്രമാകും ഇനിയും അവരങ്ങള്‍ ലഭിക്കാന്‍ സാധ്യത.
ടീമിലെത്താന്‍ സാധ്യതയുള്ള യുവതാരങ്ങളില്‍ പ്രമുഖന്‍ ശുഭ്മാന്‍ ഗില്ലാണ്. താളം തെറ്റുന്ന നാലാം നമ്പരില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് താരത്തെ വ്യത്യസ്ഥനാക്കുന്നത്. ധവാന്‍ മടങ്ങിവരുമ്പോള്‍ രാഹുല്‍ നാലാം നമ്പറിലെത്തും. രാഹുലിന് ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗില്ലിനോ പന്തിനോ അവസരം ലഭിക്കും.
ശ്രേയസ് അയ്യർ, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, നവ്‌ദീപ് സെയ്നി, ഖലീൽ അഹമ്മദ്, ദീപക് ചാഹർ എന്നിവരും അവസരം കാത്ത് പിന്നിലുണ്ട്.
ഇവരില്‍ മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ എന്നിവര്‍ക്ക് സാധ്യത കൂടുതലാണ്. നിരവധി അവസരങ്ങള്‍ ലഭിച്ച താരമാണ് മനീഷ് പാണ്ഡെ. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റിലെ തിളക്കമാര്‍ന്ന പ്രകടനമാണ് അഗര്‍വാളിന് നേട്ടം. 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന താരമാണ് സെയ്നി. ഇടം കൈ പേസര്‍ എന്നതാണ് ഖലീൽ അഹമ്മദിനെ വ്യത്യസ്ഥനാക്കുക.
അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ട്വന്റി-20 ലോകകപ്പ് ഉദ്ദേശിച്ചുള്ള ടീമാണ് സെലക്‍ടര്‍മാര്‍ ഒരുക്കുന്നതെങ്കില്‍ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ദീപക് ചാഹർ എന്നിവര്‍ക്ക് നറുക്ക് വീഴും. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ കാര്യമായ അഴിച്ചു പണി ഉണ്ടാകില്ല. ഈ വര്‍ഷം ഇന്ത്യക്ക് നാട്ടില്‍ നിരവധി ടൂര്‍ണമെന്റ് കളിക്കേണ്ടതുണ്ട്. ഈ പരമ്പരകളിലാകും യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുക.