ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന്റെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയുടെയും ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുഭ്മാന്‍ ഗില്ലിന്റെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിംഗ്. ഇരുതാരങ്ങളും പരസ്യമായി തങ്ങളുടെ കരിയറീല്‍ യുവരാജിനുള്ള പ്രാധാന്യത്തെ പറ്റി പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ എങ്ങനെയെല്ലാമാണ് യുവരാജ് ഇരുവരുടെയും കരിയറില്‍ ഇടപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ് സിംഗിന്റെ അച്ഛനായ യോഗ്രാജ് സിംഗ്.
പഞ്ചാബിലെ വിവിധ പ്രായപരിധിയിലുള്ള ടൂര്‍ണമെന്റുകളിലെ പ്രകടനം കണ്ടാണ് അഭിഷേകിനെ യുവരാജ് ശ്രദ്ധിക്കുന്നതെന്ന് യോഗ്രാജ് പറഞ്ഞു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനെ യുവരാജ് സമീപിച്ചപ്പോള്‍ അഭിഷേകിനെ ഒരു ബൗളറായാണ് അവര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ പ്രായത്തില്‍ തന്നെ 24 സെഞ്ചുറികള്‍ അടിച്ചൊരു താരത്തെ എങ്ങനെ ബൗളറായി കാണാനാകുമെന്ന് യുവി തിരിച്ചുചോദിച്ചു. കരിയറിന്റെ തുടക്കാകാലത്ത് ഒട്ടും അച്ചടക്കമില്ലാത്ത ജീവിതശൈലിയായിരുന്നു അഭിഷേകിന്റേത്. ഇത് കൈകാര്യം ചെയ്യാന്‍ അവന്റെ അച്ഛന് സാധിച്ചിരുന്നില്ല. അങ്ങനെയാണ് യുവരാജ് തന്നെ നേരിട്ടിടപ്പെട്ടത്. രാത്രി വൈകി നിശാപാര്‍ട്ടികളില്‍ പോകുന്നതും കാമുകിമാരെ കാണുന്നതും യുവി വിലക്കി.
രാത്രി വൈകിയാല്‍ നീ എവിടെയാണെന്ന് യുവരാജ് ഫോണില്‍ വിളിച്ച് ചോദിക്കും. 9 മണിയായാല്‍ കൃത്യമായി ഉറങ്ങിയിരിക്കണം, 5 മണിക്ക് എണീക്കണം. ഇങ്ങനെയാണ് യുവരാജ് അവനെ കൈകാര്യം ചെയ്തത്. അതേ രീതിയില്‍ തന്നെ ശുഭ്മാനെയും യുവി കൈകാര്യം ചെയ്തതെന്നും യുവരാജിന് കീഴില്‍ എത്തിയില്ലായിരുന്നെങ്കില്‍ അഭിഷേകിനെ പോലൊരു താരത്തെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നേനെയെന്നും യോഗ്രാജ് പറഞ്ഞു.