പൊരുതി വീണു; വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്!
കലാശക്കൊട്ടില്‍ പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പുലികള്‍
2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. കലാശപ്പോരാട്ടത്തില്‍ നീലപ്പെണ്‍പട ഇംഗ്ലീഷ് ടീമിനോട് പൊരുതി വീഴുകയായിരുന്നു. ലോർഡ്സിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 9 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ട് തോൽപ്പിച്ചത്.
ജയിക്കാൻ 229 റൺസ് വേണ്ടിയിരുന്ന ഇന്ത്യൻ വനിതകൾക്ക് 219 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഫൈനലിലെ കടുത്ത സമ്മർദ്ദം താങ്ങാനാകാതെ അവസാന ഓവറുകളിൽ ഇന്ത്യ വിക്കറ്റുകൾ കളഞ്ഞുകുളിച്ചു. 48.4 ഓവറിൽ ഇന്ത്യ ഓളൗട്ടായി. ഹര്‍മന്‍പ്രീതും പൂനം റൗത്തും കെട്ടിപ്പടുത്ത സ്‌കോറോടെ അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിക്കുകയായിരുന്നു. 9 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം.
ഗ്ലാമർ താരം സ്മൃതി മന്ദാനയുടെ വിക്കറ്റോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് തുടങ്ങിയത്. 17 റണ്‍സ് മാത്രമെടുത്ത് നായിക മിതാലി രാജും റണ്‍ എടുക്കാതെ സ്മൃതി മന്ദാനയും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തിയ ഷ്രബ്സോളാണ് ഫൈനലിലെ താരം. ഇംഗ്ലണ്ടിൻറെ നാലാമത്തെ ലോകകപ്പ് വിജയമാണിത്.