Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പയറും വില്യംസണും ‘ചതിയറിഞ്ഞില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചില്ല’; ധോണിയുടെ പുറത്താകലില്‍ വിവാദം കത്തുന്നു

അമ്പയറും വില്യംസണും ‘ചതിയറിഞ്ഞില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചില്ല’; ധോണിയുടെ പുറത്താകലില്‍ വിവാദം കത്തുന്നു
മാഞ്ചസ്‌റ്റര്‍ , വ്യാഴം, 11 ജൂലൈ 2019 (15:06 IST)
പ്രവചനങ്ങളെയും പ്രതീക്ഷകളെയും കാറ്റില്‍ പറത്തിയാണ് ടീം ഇന്ത്യ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് ഇംഗ്ലീഷ് മണ്ണില്‍ നിന്നും മടങ്ങുന്നത്. അപ്രതീക്ഷിതമായി ന്യൂസിലന്‍ഡില്‍ നിന്നേറ്റ തോല്‍‌വി ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ചു.

ഒരു ഘട്ടത്തില്‍ ഇന്ത്യ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ധോണി റണ്ണൗട്ടായി പുറത്തായത്. മത്സരം ന്യൂസിലന്‍ഡിന്റെ കൈപ്പിടിയിലായ പുറത്താകലായിരുന്നു ഇത്. എന്നാല്‍, ധോണിയുടെ ഔട്ടിനെ ചൊല്ലി പുതിയ വിവാദം തല പൊക്കി.

ധോണി റണ്ണൗട്ടായ പന്തിന് തൊട്ടുമുമ്പുള്ള പന്ത് ഇന്ത്യക്ക് ഫ്രീ ഹിറ്റ് ലഭിക്കണമായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവസാന പത്തോവര്‍ പവര്‍ പ്ലേയില്‍ അഞ്ച് ഫീല്‍ഡര്‍മാരാണ് ബൗണ്ടറി ലൈനില്‍ അനുവദനീയമായിട്ടുള്ളത്. എന്നാല്‍, ധോണി പുറത്താകുന്നതിന് തൊട്ടു മുമ്പുള്ള പന്തില്‍ ആറ് കിവിസ് താരങ്ങള്‍ ബൗണ്ടറി ലൈനില്‍ ഉണ്ടായിരുന്നു. അമ്പയര്‍ ഇത് കണ്ടിരുന്നുവെങ്കില്‍ ധോണി പുറത്തായ 49മത്  ഓവറിലെ മൂന്നാം പന്ത് ഇന്ത്യക്ക് ഫ്രീഹിറ്റ് ലഭിക്കുമായിരുന്നു. അങ്ങനെ വന്നിരുന്നുവെങ്കില്‍ ധോണിക്ക് രണ്ടാം റണ്ണിനായി ഓടി പുറത്താകേണ്ടി വരില്ലായിരുന്നു.

ധോണി പുറത്താകുന്നതിന് മുമ്പുള്ള പന്ത് എറിയുന്നതിന് മുമ്പ് ഫീല്‍ഡ് സെറ്റ് ചെയ്‌തത് ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനും മറ്റൊരു ബോളറായ ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നാണ്.

തേര്‍ഡ് മാനിലുള്ള ഫീല്‍ഡറെ 30വാര സര്‍ക്കിളിനകത്തേക്ക് ഇറക്കി നിര്‍ത്താതെ, ഫൈന്‍ ലെഗ് ഫീല്‍ഡറെ ബൗണ്ടറിയിലേക്ക് കയറ്റി നിര്‍ത്തിയതാണ് ആറ് ഫീല്‍ഡര്‍മാര്‍ ബൗണ്ടറി ലൈനില്‍ വരാന്‍ കാരണമായത്. ഇത് കിവിസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ശ്രദ്ധിച്ചതുമില്ല.

നിര്‍ണായക സമയത്ത് ഗ്രൌണ്ടില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട അമ്പയര്‍മാരും നിര്‍ണായകമായ ഈ സംഭവം കണ്ടില്ല. ഇവരുടെ പിഴവില്‍ ഇന്ത്യക്ക് നഷ്‌ടമായത് കൈപ്പിടിയില്‍ എത്തേണ്ട ജയമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അദ്ദേഹത്തിന് രാജ്യം മാറാന്‍ കഴിയുമെങ്കില്‍ ഞങ്ങളുടെ ‘തല’ ധോണിയായിരിക്കും; മഹിയെ കിവിസ് ടീമിലേക്ക് ക്ഷണിച്ച് വില്യംസണ്‍