ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു.
മൂന്നാഴ്‌ച വിശ്രമം ആവശ്യമുള്ള ധവാന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ പന്തിനെ പകരക്കാരനാക്കൂ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് യുവതാരത്തെ നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
ധവാന്റെ പകരക്കാരനായി പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരുക്ക് ഭേദമായില്ലെങ്കില്‍ മാത്രം പകരക്കാരനായി പന്തിന്റെ പേര് ഐസിസിയുടെ അനുമതിക്കായി നല്‍കിയാല്‍ മതിയെന്നാണ് ബിസിസിഐയുടെ ഇപ്പോഴത്തെ തീരുമാനം.
ധവാന്റെ പരുക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്റ് നോക്കുന്നത്. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.