ഈ ലോകകപ്പില്‍ 500 റണ്‍സെന്ന സ്വപ്‌ന ടോട്ടല്‍ പിറക്കുമെന്നായിരുന്നു അധികൃതരുടെ വാദം. ഇംഗ്ലീഷ് പിച്ചുകള്‍ ബാറ്റിംഗിന് അനുകൂലമാണെന്നായിരുന്നു അതിന് കാരണമായി പറഞ്ഞത്‍. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ മഴ മത്സരങ്ങളുടെ ഭംഗി നശിപ്പിച്ചു. ബാറ്റ്‌സ്‌മാന്മാര്‍ കരുതലോടെ ബാറ്റ് വീശാന്‍ തുടങ്ങിയപ്പോള്‍ സ്‌കോര്‍ 300റുകളില്‍ ഒതുങ്ങി നിന്നു.
500 എന്ന മാന്ത്രികസംഖ്യ ആതിഥേയരായ ഇംഗ്ലണ്ട് നേടുമെന്നായിരുന്നു പ്രവചനം. താരതമ്യേനെ ദുര്‍ബലരായ അഫ്‌ഗാനിസ്ഥാനോട് ഓയിന്‍ മോര്‍ഗനും കൂട്ടരും ഈ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്ന് ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളും വിശ്വസിച്ചു. എന്നാല്‍ അതുണ്ടായില്ല, മോര്‍ഗന്റെ സിക്‍സര്‍ പെരുമഴ കണ്ട മത്സരത്തില്‍ 397 എന്ന ടോട്ടലാണ് അവര്‍ പടുത്തുയര്‍ത്തിയത്.
ഇതോടെ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളായ ഇന്ത്യ അഫ്‌ഗാനെ നേരിടുന്ന പോരാട്ടത്തിലേക്ക് ആരാധകരുടെ കണ്ണ് നീളുകയാണ്. വമ്പനടികള്‍ക്ക് പേരുകേട്ട ഇന്ത്യ ഈ മത്സരത്തില്‍ എത്ര റണ്‍സ് പടുത്തുയര്‍ത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് നേടിയ 386 റണ്‍സാണ് ഈ ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലിയും സംഘവും അടിച്ചു കൂട്ടിയത് 352 റണ്‍സാണ്.
ടോസ് കനിഞ്ഞാല്‍ 500 അല്ലെങ്കില്‍ 400ന് മുകളിലെങ്കിലും അഫ്‌ഗാനെതിരെ ഇന്ത്യ നേടുമെന്നാണ് ആരാധകരുടെ വാദം. മഴ കളി മുടക്കുന്ന സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റ് കോഹ്‌ലിക്കും സംഘത്തിനും നേട്ടമാകും.
രോഹിത് ശര്‍മ്മയുടെ മറ്റൊരു ഇരട്ടസെഞ്ചുറി ഈ മത്സരത്തില്‍ പിറന്നില്ലെങ്കില്‍ അത്ഭുതപ്പെടേണ്ടതാണ്. പാകിസ്ഥാനെതിരെ അത് സാധ്യമാകുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് അനാവശ്യ ഷോട്ടിലൂടെ ഹിറ്റ്‌മാന്‍ പുറത്തായത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയടക്കം 319 റണ്‍സാണ് അദ്ദേഹം ഇതുവരെ അടിച്ചു കൂട്ടിയത്. റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ബാറ്റിംഗ് ആവറേജില്‍ ഒന്നാമതുമാണ് രോഹിത്. 159.50 ബാറ്റിംഗ് ആവറേജുള്ള ഹിറ്റ്‌മാന് താഴെയാണ് ഇംഗ്ലീഷ് താരങ്ങള്‍ പോലും.
രാഹുല്‍, പാണ്ഡ്യ, ധോണി എന്നീ വമ്പനടിക്കാന്‍ തിളങ്ങുകയും ക്ലാസ് ബാറ്റിംഗുമായി കോഹ്‌ലി കളം നിറയുകയും ചെയ്‌താല്‍ 400ന് മുകളിലുള്ള സ്‌കോര്‍ ഇന്ത്യ സ്വന്തമാക്കും. പാണ്ഡ്യയുടെയും ധോണിയുടെയും പ്രകടനമാകും നിര്‍ണായകമാകുക.