എന്തുകൊണ്ട് ധോണിയെ ഏഴാമനായി ഇറക്കി ?; മറുപടിയുമായി രവി ശാസ്‌ത്രി രംഗത്ത്

ശനി, 13 ജൂലൈ 2019 (14:23 IST)
ന്യൂസീലൻഡിനോടു തോറ്റ് ഇന്ത്യൻ ടീം ലോകകപ്പിൽനിന്നു പുറത്തായതിന് പിന്നാലെ മുതിര്‍ന്ന താരം മഹേന്ദ്ര സിംഗ് ധോണിയെ ഏഴാം നമ്പരിൽ ക്രീസിലെത്തിച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ടീം മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

ഇതോടെ ധോണിയെ ഏഴാം നമ്പരിൽ ഇറക്കാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ടീമിന്റെ പരിശീലകൻ രവി ശാസ്‌ത്രി രംഗത്തുവന്നു.

“ധോണിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനം എല്ലാവരും ചേര്‍ന്ന് എടുത്തതാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. എക്കാലത്തെയും മികച്ച ഫിനിഷറായ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് അവസാനമായിരുന്നു വേണ്ടിയിരുന്നത്.”

“നേരത്തെ ക്രീസിലെത്തി ധോണി പുറത്തായാല്‍ വിജയലക്ഷ്യം പിന്തുടരാൻ സാധിക്കാതെവരും. ഇക്കാര്യത്തിൽ ടീമിനു മുഴുവൻ വ്യക്തതയുണ്ടായിരുന്നു. ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് ഏറെ എളുപ്പമാണ്” - എന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്‌ത്രി പറഞ്ഞു.

ന്യൂസീലൻഡ് ഉയർത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 221 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. ഏഴാം നമ്പരിൽ ഇറങ്ങിയ ധോണി 72 പന്തിൽനിന്ന് 50 റണ്‍സ് നേടി പുറത്തായതാണ് കളിയില്‍ വഴിത്തിരിവായത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തോല്‍‌വിക്ക് കാരണം ധോണിയെ വൈകിയിറക്കിയത് ?; ശാസ്‌ത്രിയും കോഹ്‌ലിയും മുള്‍‌മുനയില്‍ - യോഗം വിളിച്ച് ഇടക്കാല ഭരണ സമിതി!