ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. മുഹമ്മദ് ഷമി പുറത്തിരിക്കുമെന്നും പകരം ജസ്‌പ്രിത് ബുമ്ര ബോളിംഗ് ഓപ്പണ്‍ ചെയ്യുമെന്നും അവര്‍ പ്രതീക്ഷിച്ചില്ല. ഇവിടെയാണ് പ്രോട്ടീസിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയതും വിരാട് കോഹ്‌ലിയുടെ തീരുമാനം ശരിയായതും.
സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ അംലയെയും ഡികോക്കിനെയും ബുമ്ര മടക്കിയത് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. പന്തിന്റെ ഗതി മനസിലാക്കാന്‍ ഡികോക്ക് വിഷമിച്ചു. ബാറ്റ് വെക്കാന്‍ പോലും അദ്ദേഹം ഭയപ്പെട്ടു. ഇത്രയധികം സമ്മര്‍ദ്ദത്തോടെ അദ്ദേഹം ബാറ്റ് വീശിയ ഓവറുകള്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.
മുതിര്‍ന്ന താരമായ അംല സ്‌ടൈക്ക് മാറി എത്തിയിരുന്നുവെങ്കില്‍ എന്നു പോലും ഡികോക്ക് ആഗ്രഹിച്ചിട്ടുണ്ടാകും. അത്രയും വിഷമകരമായിരുന്നു ബുമ്രയുടെ ആദ്യ ഓവറുകള്‍. പിച്ചില്‍ നിന്നും ലഭിച്ച ആനുകൂല്യം ഇതു പോലെ മുതലെടുത്ത മറ്റൊരു ബോളര്‍ ഉണ്ടോ എന്നു പോലും ആരാധകര്‍ ചോദിച്ചു.
മഹേന്ദ്ര സിംഗ് ധോണിയുടെ ഗ്ലൌസില്‍ നിന്ന് പോലും പന്ത് വഴുതിയത് ബോളിന്റെ വേഗവും കൃത്യതയും വ്യക്തമാക്കുന്നു. ഇതോടെ ബുമ്രയെ പ്രശംസിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ രംഗത്തുവന്നു.
മൂന്ന് ഓവര്‍ എറിഞ്ഞപ്പോഴെ ഏറ്റവും മികച്ച പേസറാണ് താനെന്ന് ബുമ്ര തെളിയിച്ചതായി വോണ്‍ പറയുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച് മൂന്ന് ഓവറുകളായിരുന്നു അത്. ഓപ്പണിംഗ് സ്‌പെല്ലില്‍ ബുമ്രയെ കൊണ്ടുവന്ന കോഹ്‌ലിയുടെ നീക്കത്തെയും വോണ്‍ പ്രശംസിച്ചു. തന്‍റെ ആദ്യ മൂന്ന് ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരെ വിറപ്പിച്ചു ബുമ്ര. ആദ്യ ഓവറില്‍ രണ്ട് റണ്‍സാണ് വഴങ്ങിയത്.