നിങ്ങൾ റായിഡുവിനോട് ചെയ്തത് കാണുമ്പോൾ നിരാശ തോന്നുന്നു; നാലാം സ്ഥാനത്തിൽ ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് യുവരാജ് സിങ്
നാലാം സ്ഥാനത്തേക്കായി ഒരു താരത്തെ മാനേജ്‌മെന്റ് വളർത്തിക്കൊണ്ട് വരേണ്ടിയിരുന്നു എന്നാണ് യുവി പറയുന്നത്.
ഇന്ത്യൻ മധ്യനിരയിലെ നാലാം സ്ഥാനം ഇന്ത്യൻ മാനേജ്‌മെന്റ് കൈകാര്യം ചെയ്ത വിധത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇന്ത്യൻ മുൻ താരം യുവരാജ് സിങ്. നാലാം സ്ഥാനത്തേക്കായി ഒരു താരത്തെ മാനേജ്‌മെന്റ് വളർത്തിക്കൊണ്ട് വരേണ്ടിയിരുന്നു എന്നാണ് യുവി പറയുന്നത്.
നാലാം സ്ഥാനത്തേക്ക് കളിപ്പിക്കാൻ മുൻപിൽ കണ്ട് മാനേജ്‌മെന്റ് ഒരു താരത്തെ വളർത്തിക്കൊണ്ട് വരികയും, നീ ലോകകപ്പ് കളിക്കാൻ പോവുകയുമാണെന്ന് ആ താരത്തോട് പറയുകയും വേണ്ടിയിരുന്നു ഇന്ത്യൻ ടീം മാനേജ്‌മെന്റ്. 2003 ലോകകപ്പ് പോലെ. ആ ലോകകപ്പിന് മുൻപ് ന്യൂസിലാൻഡിനെതിരെ കളിച്ച് തകർന്നടിയുകയായിരുന്നു നമ്മൾ. പക്ഷെ ആ ടീമാണ് 2003 ലോകകപ്പ് കളിച്ചത്, യുവി ചൂണ്ടിക്കാണിക്കുന്നു.
റായിഡുവിനോട് അവർ ചെയ്തത് കാണുമ്പോൾ നിരാശ തോന്നുന്നു. കിവീസിനെതിരെ റൺസ് കണ്ടെത്തിയിട്ടും, മൂന്ന് നാല് മോശം ഇന്നിങ്‌സിന്റെ പേരിൽ റായുഡുവിനെ പുറത്താക്കി. പിന്നെ റിഷഭ് പന്തിനെ പരീക്ഷിച്ചു. പന്തിനെയും പകുതി ടീമിൽ വച്ച് മാറ്റി. നാലാം സ്ഥാനത്ത് മികവാണ് ലക്ഷ്യം വയ്ക്കുന്നത് എങ്കിൽ ആ താരത്തെ മുൻപിൽ കണ്ട് എല്ലാ പിന്തുണയും നൽകണമായിരുന്നുവെന്ന് യുവി പറയുന്നു.