ലോകകപ്പിലെ ലീഗ് ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിലെ മികച്ച പ്ലേയിംഗ് ഇലവനെ തെരെഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്ലാത്ത ടീമില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നായകനായി തെരെഞ്ഞെടുത്തത്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന രോഹിത്തിനെ എന്തുകൊണ്ട് നായകനാക്കിയില്ല എന്ന അത്ഭുതമാണ് ക്രിക്കറ്റ് ആരാധകര്‍ക്കുള്ളത്.
ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്, ഓസീസ് ഓപ്പണിംഗ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ന്യൂസിലന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയാകും ഇറങ്ങുക. നാലാമനായി വിരാട് കോലിയും. തുടര്‍ന്ന് അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രവും ആറാമനായി ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലും ഇറങ്ങും. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സനും രവീന്ദ്ര ജഡേജയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇറങ്ങുക. മുഹമ്മദ് ഷമി, ആദം സാമ്പ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ ബൗളിംഗ് താരങ്ങള്‍.