ലോകകപ്പിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം 19ന് ലോകകപ്പ് സമാപിച്ചതിന് ശേഷം വെറും നാല് ദിവസങ്ങള്‍ കഴിഞ്ഞാണ് പരമ്പര ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതിനാല്‍ യുവതാരങ്ങളാകും സീരീസില്‍ അണിനിരക്കുക.
എന്നാല്‍ സീനിയര്‍ താരങ്ങള്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ടീമി ഇടം പിടിച്ചേക്കില്ല. ലോകകപ്പ് ടീമിനായുള്ള തെരെഞ്ഞെടുപ്പില്‍ സഞ്ജുവിന്റെ പേര് ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ലോകകപ്പ് സമയത്തായി നടന്ന സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ദയനീയമായ പ്രകടനമാണ് സഞ്ജു നടത്തിയത്. ഇതോടെ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെയാകും ടീം പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ട്. യശ്വസി ജയ്‌സ്വാള്‍,തിലക് വര്‍മ, റിങ്കു സിംഗ്,റുതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരും ടീമില്‍ ഇടം നേടും.
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത അസം താരം റിയാന്‍ പരാഗും ടീമിലെത്തിയേക്കും. ലോകകപ്പ് ടീമില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ മാത്രമാകും ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്കായ സാഹചര്യത്തില്‍ റുതുരാജ് ഗെയ്ക്ക്‌വാദായിരിക്കും ഇന്ത്യന്‍ ടീമിനെ പരമ്പരയില്‍ നയിക്കുക.