Publish Date: Tue, 23 Jul 2019 (12:50 IST)
Updated Date: Tue, 23 Jul 2019 (12:52 IST)
തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് പ്രവർത്തകൻ. വയനാട് അമ്പലവയലിലാണ് സംഭവം. അമ്പലവയല്‍ സ്വദേശിയായ ടിപ്പർ ഡ്രൈവര്‍ ജീവാനന്ദ് ആണ് ദമ്പതികളെ മര്‍ദ്ദിച്ചത്. ഇയാളോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആദ്യം യുവാവിനെ നടുറോഡില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. ചുറ്റിനും കൂടി നിന്നവരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയതും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തതും.
ജീവാനന്ദിന്റെ അടിയേറ്റ് യുവാവ് റോഡില്‍ വീഴുന്നുണ്ട്. വീണ ശേഷവും ഇയാളെ ജീവാനന്ദ് മർദ്ദിക്കുന്നുണ്ട്. ഇതു ചോദ്യം ചെയ്ത ഭാര്യയോട് ‘നിനക്കും വേണോ’ എന്ന് ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു. കേട്ടാലറയ്ക്കുന്ന തെറിയാണ് ജീവാനന്ദ് യുവതിയെ വിളിച്ചത്.
തുടര്‍ന്ന് ജീവാനന്ദിനോട് യുവതി ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ഇയാള്‍ പോയശേഷം അവിടെ കൂടിനിന്ന ആളുകളോടു യുവതി ‘നിങ്ങളെല്ലാവരും എന്താ നോക്കിനില്‍ക്കുന്നത’ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ പരാതി കിട്ടാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ജീവാനന്ദ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണെന്ന് നാട്ടുകാർ പറയുന്നു.