ദുർമന്ത്രവാദികളെന്ന്‌ ആരോപിച്ച് സ്ത്രീകളുൾപ്പെടെ നാലുപേരെ വീട്ടില്‍ നിന്നും വലിച്ചിറക്കി തല്ലിക്കൊന്നു

തിങ്കള്‍, 22 ജൂലൈ 2019 (16:36 IST)
ദുർമന്ത്രവാദം നടത്തുന്നുവെന്നാരോപിച്ച് സ്‌ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു.  ജാർഖണ്ഡിലെ ഗുംല ജില്ലയിലെ നഗർ സിസ്‌കാരി ഗ്രാമത്തില്‍ ശനിയാഴ്‌ചയാണ് സംഭവം. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

സുന ഒരാവോ (65), ചംബ ഒരാവോ (79), ഫാഗ്‌നി (60), പിരോ ഒറൈൻ (74) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഇതേ ഗ്രാമത്തില്‍ തന്നെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. മുഖമൂടി ധരിച്ചെത്തിയ പത്തുപേരാണ് കൊല നടത്തിയത്.

വീട്ടിലെത്തിയ അക്രമികള്‍ വടി ഉപയോഗിച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാലുപേരെയും വീടിന് പുറത്തേക്ക് വലിച്ചിറക്കി തല്ലിച്ചതച്ചു. ഇവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ദുർമന്ത്രവാദവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു എന്നും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും എസ്‌പി അഞ്ജാനി കുമാർ ഝാ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘പറന്നുയരാന്‍ മിനിറ്റുകള്‍ മാത്രം, വിമാനത്തിന് മുകളില്‍ യുവാവ്; ഞെട്ടലോടെ പൈലറ്റും യാത്രക്കാരും - വൈറലായി വീഡിയോ