വിദിഷ: മൂക്കിലും വായിലും വീര്യമേറിയ പശ്യൊഴിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വിദിഷയിലെ രാജ് കോട്ട് കോളനിയിൽ വെള്ളിയാഴചയാണ് സംഭവം നടന്നത്. 35കാരിയായ ദുർഗ ദേവിയാണ് ഭർത്താവ് ഹല്‍കരീം കുശ്വാഹയുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്.
ഇയാൾ ദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യ ദുർഗ ദേവിയെ അക്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസവും മദ്യപിച്ച് വീട്ടിലെത്തിയ ഹല്‍കരീം കുശ്വാഹ ഭാര്യയെ മർദ്ദിക്കുകയും വീര്യമേറിയ പശ ദുർഗ ദേവിയുടെ മൂക്കിലും വായിലും കണ്ണിലും ബലമായി ഒഴിക്കുകയായിരുന്നു. പകൽ സമയത്താണ് സംഭവം നടന്നത്. ഈ സമയത്ത് ഇവരുടെ രണ്ട് ആൺമക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
മൂത്ത മകൻ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയതോടെയാണ് അമ്മ മരിച്ചു കിടക്കുന്നതായി കണ്ടത്. പിതാവ് ഹല്‍കരീം കുശ്വാഹക്കെതിരെ മക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുൻപും അമ്മയെ വിഷം കൊടുത്ത് കൊല്ലാൻ ഇയാൾ ശ്രമിച്ചിരുന്നതായും മക്കൾ മൊഴി നൽകി.