ഡെറാഡൂൺ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഡ്രൈവറെ പൊലീസ് പിടികൂടി. ഉത്തരാഖണ്ഡിലാണ് സംഭവമുണ്ടായത്. കോളേജിൽ നിന്നും മടങ്ങി വരികയായിരുന്ന 18കാരിയായ ബി എസ് സി രണ്ടാം വർഷ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
80 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഋഷികേശിലെ എയിംസ് അശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മനോജ് സിംഗ് എന്ന 31കാരനാണ് പിടിയിലായത്, ഇയാൾ കുറച്ചു ദിവസങ്ങളായി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും ഒഴിഞ്ഞു മാറിയാണ് യുവതി നടന്നിരുന്നത്. സംഭവദിവസം യുവതിയെ തടഞ്ഞുനിർത്തി മനോജ് സംസാരിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നും പോകാൻ ശ്രമിക്കവെയായിരുന്നു മനോജിന്റെ ആക്രമണം.
പെൺകുട്ടിയുടെ നിലവിളികേട്ട് ഓടുയെത്തിയ നാട്ടുകാർ ഉടനെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ മൊഴി എടുത്ത ഉടൻ തന്നെ ഡ്രൈവർ മനോജ് സിംഗിനെ പൊലീസ് പിടികൂടി. ഇയാൾ വിവാഹിതനാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതിനും, വധിക്കാൻ ശ്രമിച്ചതിനും മനോജിനെതിരെ പൊലീസ് കേസെടുത്തു.