പ്രധാനമന്ത്രിയെ അറിയില്ലെന്ന് പറഞ്ഞ യുവാവിന് ക്രൂരമർദ്ദനം
മോദി ആരാണെന്ന് അറിയില്ലേ? എങ്കിൽ അടി ഉറപ്പ്
ബംഗാളിൽ പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നയാളെ ഒരു സംഘം മർദിച്ചെന്നു പൊലീസ്. മറുനാടൻ തൊഴിലാളിയായ ജമാൽ മൊമീനാണ് നാലംഗ സംഘത്തിന്‍റെ മർദനമേറ്റത്. ട്രെയിൻ യാത്രയ്ക്കിടെ ആയിരുന്നു സംഭവം.
ഹൗറയിൽ നിന്നു ബംഗാളിലെ മാൽഡ ജില്ലയിലെ കാലിയചകിലേക്കു ട്രെയിനിൽ യാത്ര ചെയ്യവേ ഒരു കൂട്ടം ആളുകൾ ഇയാളെ മർദ്ദിക്കുകയായിരുന്നു. ഇയാളോട് ഒരു സംഘം ആളുകൾ പ്രധാന മന്ത്രി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദേശീയ ഗാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഉത്തരം പറയാതിരുന്നപ്പോൾ മർദനമായി.
ദേശീയ ഗാനത്തെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും കൃത്യമായ ഉത്തരങ്ങള്‍ നൽകാതിരുന്നതോടെ യാത്രക്കാരന്റെ മുഖത്തു ചോദ്യം ചോദിക്കുന്നയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നിങ്ങനെയും സംഘം യുവാവിനെ നിർബന്ധിച്ചു പറയിപ്പിക്കുന്നുണ്ട്.
അക്രമത്തിനു ശേഷം സംഘം ബന്ദേൽ സ്റ്റേഷനില്‍ ഇറങ്ങിപ്പോകുകയായിരുന്നു. സഹയാത്രക്കാർ എടുത്ത വീഡിയോയുടെ അടിസ്ഥാനത്തിൽ ഒരു എൻജിഒ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ മേയ് 14നായിരുന്നു സംഭവം.