വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് പറഞ്ഞ് പൊലീസ് സഹായം നിഷേധിച്ചു; രണ്ടു കുട്ടികൾ ചോരവാര്‍ന്നു മരിച്ചു
പൊലീസ് വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് പറഞ്ഞ് സഹായിച്ചില്ല ; രണ്ടു കുട്ടികള്‍ നടുറോഡില്‍ ചോരവാര്‍ന്നു മരിച്ചു
പൊലീസിന്റെ അനാസ്ഥ കാരണം രണ്ട് കുട്ടികള്‍ രക്തം വാര്‍ന്ന് മരിച്ചു. കാറില്‍ രക്തം പറ്റുമെന്ന കാരണം പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറാകാത്തതാണ് രണ്ടുകുട്ടികളുടെ മരണത്തിന് കാരണമായത്. ഉത്തര്‍പ്രദേശിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
രാത്രി പട്രോളിങ്ങ് നടത്താന്‍ ഇറങ്ങിയ പൊലീസുകാരാണ് കാറില്‍ രക്തം പറ്റുമെന്ന ന്യായം പറഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കാതിരുന്നത്. അപകടത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സണ്ണി, അര്‍പിത് ഖുറാന എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും ബൈക്കിനു സമീപം രക്തം വാര്‍ന്നു കിടക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. അപകടമുണ്ടായതിനു പിന്നാലെതന്നെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായ 100 എന്ന നമ്പരില്‍ വിളിച്ചു പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം പരുക്കേറ്റവരെ രക്ഷിക്കുന്നതിനുള്ള ഒരു ശ്രമവും നടത്തിയില്ല.
കുട്ടികളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്ന് അവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ താണുകേണു പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇവിടെനില്‍ക്കുന്ന വേറാരൊരാള്‍ക്കും കാറില്ലെന്നും ആ ശബ്ദം വെളിപ്പെടുത്തുന്നുണ്ട്. പൊലീസുകാരില്‍ നിന്നു സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അതുവഴി പോയ മറ്റു വാഹനങ്ങള്‍ നിര്‍ത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവര്‍ നടത്തി.
എന്നാല്‍ മറ്റു വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. തുടര്‍ന്ന് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍നിന്നു മറ്റൊരു വാഹനമെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു. അതേസമയം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും സഹാരണ്‍പുര്‍ പൊലീസ് മേധാവി പ്രഭാല്‍ പ്രതാപ് സിങ് അറിയിച്ചു.