ജോളിയടക്കം മൂന്ന് പ്രക്തികളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (13:12 IST)
താമരശേരി: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോസഫിനെ ഉൾപ്പടെ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താമരശേരി ഫസ്റ്റ്‌ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മൂന്ന് പ്രതികളെയും ആറു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഈ മാസം പതിനാറിന് കേസ് വീണ്ടും പരിഗണിക്കും.  
 
പ്രതികൾ നൽകിയ ജാമ്യാപേക്ഷയിലും 16ന് കോടതി പരിഗണിക്കും. പൊലീസിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ നേരിടുന്നതായോ മറ്റോ പ്രതികൾ കോടതിയിൽ പരാതികൾ ഉന്നയിച്ചില്ല. 15 ദിവസം കസ്റ്റഡിയിൽ വേണം എന്നാണ് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി 6 ദിവസമാണ് അനുവദിച്ചത്.
 
കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളെ വടകര എസ്‌പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിനു ശേഷമായിരിക്കും തെളിവെടുപ്പിനായി കൊണ്ടുപോവുക. കോടതിയിൽനിന്നും നേരെ ജോളിയെയും പ്രജികുമാറിനെയും വൈദ്യ പരിശോധനക്കായി താമരശേരി തലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. മാത്യുവിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശ്രീറാം എന്തും ചെയ്യും, കറോടിച്ചത് ഞാനല്ല: പരിഭ്രാന്തിയിൽ വഫ ഫിറോസ്