എറണാകുളം: യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശി വിജിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചോറ്റാനിക്കരയിൽ കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു.
വിജിൽ കുമാർ മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു. ബന്ധപ്പെട്ട സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. അതേ സമയം വിജിൽ കുമാറിനെതിരെ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. വിശദ വിവരങ്ങൾ അറിവായിട്ടില്ല.