മെഷീൻ നന്നാക്കാൻ എത്തിയത് എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പട്ടാപ്പകൽ എടിംഎം തകർത്ത് പണം കവരാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലാണ് സംഭവം ഉണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് എത്തിയപ്പോഴേക്കും ഉളിയും ചുറ്റികയും ഉപയോഗിച്ച് മെഷീൻ പകുതിയോളം ഇയാൾ തകർത്തിരുന്നു.
താമരക്കുളം സ്വദേശിയായ യുവാവ് പുലർച്ചെ തന്നെ എടിഎം കൗണ്ടറിൽ എത്തിയിരുന്നു. എടിഎമ്മിന് സമീപത്തെ കടയുടമ എത്തിയപ്പോഴേക്ക് ഇയാൾ പണി തുടങ്ങിയിരുന്നു, കാര്യം ആരാഞപ്പോൾ മെഷീൻ നന്നാക്കാൻ വന്നതാണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ എടിഎം കൗൺറ്ററിൽനിന്നും വലിയ ശബ്ദ കോലാഹങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ നാട്ടുകാർ കൂടുകയും സംശയം തോന്നി പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസ് എത്തിയപ്പോഴും ഇയാൾ ജോലി തുടർന്നു. പിന്നീട് ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിച്ചത്. ഇതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മാനസിക പ്രശ്നങ്ങളുള്ള ആളാണ് പ്രതി എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി.