തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ മരണം സ്ഥിരീകരിച്ചു. തലയ്ക്ക് ദാരുണമായി പരുക്കേറ്റ കുട്ടി ആശുപത്രിയിലെത്തിച്ചതിന്റെ പത്താംദിനമാണ് മരിച്ച്. ഇന്നു രാവിലെ 11.35 നാണ് കോലഞ്ചേരി ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.
ഇത്രയും ദിവസം ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സ്ഥിതി മോശമാകുന്നത് ഇന്നലെ വൈകിട്ടോടെ ഡോക്ടർമാർ അറിയിച്ചിരുന്നു. പരമാവധി ചെയ്യാനാകുന്നതെന്നും ആശുപത്രി അധിക്രതർ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച സംഭവം പുറത്തുവന്നത്. അമ്മയും സുഹൃത്തും പുറത്തു പോയി വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. ഇതേകുറിച്ച് ഏഴു വയസുള്ള മൂത്തകുട്ടിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം കിട്ടാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ച് നിലത്തടിച്ചു. പല തവണ തലയില്‍ ചവിട്ടി. മര്‍ദ്ദനത്തില്‍ ഏഴു വയസുകാരന്റെ തലയോട്ടി പൊട്ടി രക്തമൊഴുകി. കഴുത്തിന് പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ അബോധാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിയെ മര്‍ദ്ദിച്ച പ്രതി അരുണ്‍ ആനന്ദ് ഇത്തരം സ്വഭാവക്കാരനാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ മരണം സ്വാഭാവികമെന്നാണ് വിവരം. പ്രതിക്കെതിരേ പോക്സോ ചുമത്തി.