Publish Date: Sun, 31 Mar 2024 (10:56 IST)
Updated Date: Sun, 31 Mar 2024 (10:45 IST)
കൊല്ലം: ഭാര്യയേയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവ് ശിക്ഷയും ആറു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേഡിനെയാണ് (42) കോടതി ശിക്ഷിച്ചത്.
2021 മെയ് പതിനൊന്നിനായിരുന്നു ഭാര്യ വർഷ( 28)യേയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും - അലൻ (2), ആരവ് (മൂന്നു മാസം)- അമിതമായി മരുന്ന് കുത്തിവച്ചായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാരോപിച്ചായിരുന്നു ഇയാൾ കൊല നടത്തിയത്.
കൊല്ലം അഡീഷണൽ സെഷൻസ് നാലാം കോടതി ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്. ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം തടവും വിധിച്ചെങ്കിലും തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. എന്നാൽ പിഴ ഒടുക്കിയില്ലെങ്കിൽ ഓരോ വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.