കോയമ്പത്തൂർ: കൊയമ്പത്തൂരിൽ ഹോട്ടൽ നടത്തുന്ന 60 കാരിയായ ട്രാൻസ്ജെൻഡറിനെ സ്വന്തം വീട്ടിലെ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊയമ്പത്തൂരിൽ ട്രാൻസ്ജെൻഡർ അസോസിയേഷൻ പ്രസിഡന്റും ആക്ടിവിസ്റ്റുമായ സംഗീതയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് കൊയമ്പത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കോയമ്പത്തൂരിലെ ആർഎസ് പുരത്ത് ട്രാൻസ് കിച്ചൺ എന്ന പേരിൽ ട്രാൻസ്റ്റ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ മാത്രം ജോലി ചെയ്യുന്ന ഒരു ഹോട്ടൽ നടത്തിവരികയായിരുന്നു സംഗീത. കഴിഞ്ഞ ഞായറാഴ്ചയാണ് സംഗീതയെ അവസാനമായി ആളുകൾ കണ്ടത്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സംഗീതയെ അന്വേഷിച്ച് സായ്ബാബ നഗറിലെ വീട്ടിൽ ചിലർ എത്തിയിരുന്നു ദുർഗന്ധം വമിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികളുടെ സഹായത്തോടെ ഇവർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് പൊലീസ് വീടുതുറന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽനിന്നും മൃതദേഹം കണ്ടെത്തിയത്. പുതപ്പിൽ പൊതിഞ്ഞ് ഡ്രമ്മിൽ തള്ളിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സംഗീതയോട് ആർക്കെങ്കിലും വിരോധമോ ശത്രുതയോ ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.