തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ എന്ന് വ്യക്തമാക്കുന്ന സൂചനകൾ പൊലീസിന് ലഭിച്ചു. കൊലപാതകം നടന്നതിന് സമീപത്തെ സിസിടിവി ക്യമറകൾ തിരിച്ച് ദിശമാറ്റി വച്ചിരുന്നതായി കണ്ടെത്തി. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ക്യാമറകളാണ് ഇത്തരത്തിൽ തിരിച്ചുവച്ചിരുന്നത്. കൊലപാതക സാംഘത്തിലുൾപ്പെട്ടവരെന്ന് സംശയിയ്ക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി റൂറൽ എസ‌് പി ബി അശോകന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.
മിഥിലാജിന് നെഞ്ചിലാണ് കുത്തേറ്റത്, ഗുരുതരമായി കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹീൻ ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ്സാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി.