Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിന്നമ്മ ക്യാമ്പ് പിളരുന്നു ? പിടിമുറുക്കി പനീർസെൽവം; തമിഴ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്...

ശശികലയും ദിനകരനും പുറത്തേക്ക്

ചിന്നമ്മ ക്യാമ്പ് പിളരുന്നു ? പിടിമുറുക്കി പനീർസെൽവം; തമിഴ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്...

സജിത്ത്

ചെന്നൈ , ബുധന്‍, 19 ഏപ്രില്‍ 2017 (12:41 IST)
ഒരിടവേളയ്ക്ക് ശേഷം അണ്ണാ ഡിഎംകെയിലെ ഇരുപക്ഷക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ വടംവലി വീണ്ടും ആരംഭിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും അണ്ണാഡിഎംകെ വിമതനായ ഒ പനീര്‍ശെല്‍വവും ഒന്നിക്കാന്‍ തീരുമാനിച്ചതോടെ ശശികലയുടെ മന്നാര്‍ഗുഡി മാഫിയ പരുങ്ങലിലായിരിക്കുകയാണ്. ശശികലയെയും കുടുംബത്തേയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രിയായ പളനിസാമി പക്ഷം തിരുമാനിച്ചതായാണ് വിവരം. ഇതോടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ദിനകരനെയും പുറത്താക്കാനും സാധ്യതയേറി. 
 
അതേസമയം, കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ അനന്തരവനുമായ ടിടിവി ദിനകരന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധനാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാമെന്നും പനീര്‍ശെല്‍വത്തെ ആ സ്ഥാനത്തേക്ക് നിയോഗിക്കാമെന്നുമാണ് ദിനകരന്‍ പറഞ്ഞത്. അതോടൊപ്പം ശശികലയെ ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കണമെന്നും ദിനകരന്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ മന്നാര്‍ഗുഡി മാഫിയയും ശശികലയും ഇല്ലാത്ത പാര്‍ട്ടിയിലേക്ക് മാത്രമേ താന്‍ തിരിച്ചുവരുകയുള്ളൂവെന്നു ഒപിഎസ് വ്യക്തമാക്കി. 
 
പാർട്ടിയെ നയിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും പാർട്ടിയെ ശശികലയുടെ കുടുംബത്തിൽനിന്ന് മോചിപ്പിക്കുമെന്നും മന്ത്രി ജയകുമാർ അഭിപ്രായപ്പെട്ടു. ഒ പനീർസെൽവവുമായി ചർച്ചയ്ക്കു തയാറാണ്. പാർട്ടിയിൽ അദ്ദേഹത്തിന് പ്രധാനപ്പെട്ട പദവിതന്നെ നല്‍കുമെന്നും ജയകുമാർ അറിയിച്ചു. അതേസമയം രണ്ടില ചിഹ്നം കിട്ടാന്‍ കോഴ നല്‍കിയ കേസില്‍ ടി ടി വി ദിനകരനെതിരെ ഡല്‍ഹി പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ദിനകരന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. രാജ്യത്തെ എല്ലാ വിമാനതാവളങ്ങൾക്കും തുറമുഖങ്ങൾക്കും ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
 
അതേസമയം, ടി ടി വി ദിനകരൻ ഇന്ന് വിളിച്ചുചേർത്തിരുന്ന നിയമസഭാ കക്ഷിയോഗം റദ്ദാക്കുകയും ചെയ്തു. നിലവില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളും പാര്‍ട്ടിയിലില്ല. മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടുമില്ല. തന്റെ തീരുമാനങ്ങളാണ് പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്ക് എന്തുകൊണ്ടും നല്ലതെന്നും എല്ലാം എം എല്‍ എമാരും തന്റെ കൂടെയാണെന്നും ദിനകരന്‍ പറഞ്ഞു. അതേസമയം, ദിനകരൻ പക്ഷത്തുണ്ടായിരുന്ന ദിണ്ടിഗൽ ശ്രീനിവാസൻ ഉൾപ്പെടെയുള്ള ചില മന്ത്രിമാരുടേയും ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്ക് നഷ്ടപ്പെട്ടെന്ന് ബോധ്യമായതോടെയാണ് ദിനകരൻ നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികള്‍ വിലയുള്ള കാര്‍ ശേഖരണം, മല്യ ജീവിച്ചത് ആഡംബരത്തോടെ