അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ ശരിക്കും പറഞ്ഞത് ഇതാണ്
അതിശക്തമായ മഴയാണ് പ്രളയത്തിന് പ്രധാന കാരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ശക്തമായ ആയുധമായേക്കും പ്രളയാനന്തര അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും ഡാമുകള്‍ തുറന്നുവിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടിയാണ് പ്രളയത്തിന് കാരണമായെന്നും ഉളള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവക്കുന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് എന്നാണ് ഇന്നലെ പുറത്ത് വന്ന വാര്‍ത്തകൾ.
അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൃത്യമായി നല്‍കാതെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് ഇടതുപക്ഷം വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ അമിക്കസ് ക്യൂറി പറയുന്നത് എന്താണെന്ന് നോക്കാം.പ്രവചനാതീതമായ തീവ്ര പേമാരിയാണ് പ്രളയത്തിന്റെ പ്രധാന കാരണം എന്നും ഡാമുകള്‍ ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചോ എന്നതിനെ പറ്റി കൂടുതല്‍ പഠനം വേണം എന്നുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജൂണ്‍ ആഗസത് മാസങ്ങളില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ 42 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. ആഗസ്ത് 15 മുതല്‍ 17 വരെ കനത്ത മഴയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നു.
ആഗസ്ത് ആദ്യവാരം ഡാമുകള്‍ നിറയുന്നതിന് മുന്‍പ് തന്നെ ഘട്ടംഘട്ടമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞേനെ എന്ന നിരീക്ഷണം അമിക്കസ് ക്യൂറി നടത്തുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആധികാരിക പഠനമോ കണ്ടെത്തലുകളോ റിപ്പോര്‍ട്ടില്‍ ഇല്ല.പ്രളയം പ്രവചിക്കാനുളള സാങ്കേതിക വിദ്യയുടെ അഭാവം, ഡാമുകളില്‍ ചെളി നിറഞ്ഞ് സംഭരണ ശേഷി കുറഞ്ഞത് എന്നിവ പ്രളയത്തിന്റെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ 79 ഡാമുകളും ജല വൈദ്യത ഉദ്പാദനം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വെളളപ്പൊക്കം നിയന്ത്രിക്കാനും ഉപയോഗിക്കുന്നില്ലെന്നും, ഇക്കാര്യങ്ങള്‍ പ്രളയത്തിന്റെ തോത് കൂട്ടിയോ എന്ന കാര്യത്തില്‍ വിദ്ഗധ സമിതി പഠനം നടത്തണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്യുന്നു. വിരമിച്ച ജഡ്ജി, ഡാം മാനേജ്‌മെന്റ്, ഹൈഡ്രോളജി വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട സമിതി വേണമെന്നാണ് ശുപാര്‍ശ.ഡാമുകള്‍ ശക്തിപ്പെടുത്തുന്നതിനും ഭാവിയില്‍ പ്രളയം പോലുളള സാഹചര്യം നേരിടാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
കേരളത്തിലെ ഡാം മാനേജ്‌മെന്റ് ദേശീയ ജല നയത്തിനും ദുരന്ത നിവാരണ അതോറിറ്റിയുടേയും പ്രളയ നിയന്ത്രണ അതോറിറ്റിയുടെയും നിര്‍ദേശങ്ങള്‍ പ്രകാരമല്ല. ഡാം മാനേജ്‌മെന്റ് ചെയ്യുന്നവര്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ മാത്രം പരിഗണിച്ചത് തെറ്റായി പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമുകളില്‍ നിന്നും വെളളം തുറന്നുവിടാന്‍ വൈകിയതിന് കാരണമായി കാലാവസ്ഥാ പ്രവചനത്തെ ചൂണ്ടിക്കാണിക്കുന്നത് നീതീകരിക്കാനാകില്ല. എന്നാല്‍ ഡാമുകള്‍ തുറക്കാനുളള തീരുമാനം എടുത്തത് ഡാം സുരക്ഷാ അതോറിറ്റിയും ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ്.
അമിക്കസ് ക്യൂറിയുടെ പ്രധാന കണ്ടെത്തലുകൾ ഇവയൊക്കയാണ്.അതിശക്തമായ മഴയാണ് പ്രളയത്തിന് പ്രധാന കാരണം.ആഗസ്ത് 15നും 17നും ഇടയ്ക്ക് ശക്തമായ മഴ ഉണ്ടാകുമെന്ന ഐഎംഡി പ്രവചനം നേരത്തെ ഇല്ലായിരുന്നു.ഡാമുകള്‍ പരമാവധി സംഭരണശേഷിയില്‍ എത്തുന്നതിന് മുന്‍പെ നേരത്തെ തന്നെ ഘട്ടംഘട്ടമായി തുറന്നു വിട്ടിരുന്നെങ്കില്‍ പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞേനെ എന്ന് പ്രാഥമിക നിരീക്ഷണം. ഇതേ കുറിച്ച് ആധികാരിക രേഖകളോ കണ്ടെത്തലോ ഇല്ല. ഇക്കാര്യത്തില്‍ വിദ്ഗധ സമിതി പഠനം നടത്തണം.
ഡാമുകള്‍ പ്രളയത്തിന് കാരണമായില്ല എന്ന ദേശീയ ജല കമ്മീഷന്റെ വിദഗ്ദ്ധ അഭിപ്രായം പുനഃപരിശോധിക്കണം എന്നും ആവശ്യപ്പെടുന്നു.ഡാം മാനേജ്‌മെന്റില്‍ കൂടുതല്‍ ഏകോപനം വേണം.
ബ്ലൂ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചല്ല.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുളള കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ല.ഡാമുകളില്‍ ചെളി അടിഞ്ഞത് സംഭരണ ശേഷി കുറച്ചു.