Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മിന്നല്‍ നീക്കവുമായി കോണ്‍ഗ്രസ്; സിപിഎമ്മിന്റെ മോഹങ്ങള്‍ പൊലിയും - ചുക്കാന്‍ പിടിച്ച് ഉമ്മൻചാണ്ടി!

മിന്നല്‍ നീക്കവുമായി കോണ്‍ഗ്രസ്; സിപിഎമ്മിന്റെ മോഹങ്ങള്‍ പൊലിയും - ചുക്കാന്‍ പിടിച്ച് ഉമ്മൻചാണ്ടി!

Chengannur by election

കനിഹ സുരേന്ദ്രന്‍

തിരുവനന്തപുരം , ബുധന്‍, 24 ജനുവരി 2018 (19:22 IST)
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പോടെ കേരളാ കോൺഗ്രസിനെ (എം) ഇടതിലേക്ക് എത്തിക്കാനൊരുങ്ങുന്ന സിപിഎമ്മിന് മറുപടിയുമായി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം. യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കിയ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ചെങ്ങന്നൂർ മണ്ഡലത്തിൽ സ്വാധീനമുള്ള കേരളാ കോൺഗ്രസിനെ ഒപ്പം നിര്‍ത്തി ഉപതെരഞ്ഞെടുപ്പ് നേരിടുകയും നിലവിലെ പ്രശ്‌നങ്ങള്‍ മാണിയുമായി ചര്‍ച്ച നടത്തി പരിഹരിക്കാനുമാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം.  

യുഡിഎഫിലേക്ക് കേരളാ കോൺഗ്രസിനെ (എം) മടക്കി കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കോണ്‍ഗ്രസ് നേരത്തെ നിയോഗിച്ചിരുന്നത്. ഇവര്‍ മാണിയുമായി ചര്‍ച്ച നടത്തിയെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പിന്നാലെ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് മാണി പരസ്യമായി പ്രതികരിച്ചത്.

ഇടതുമുന്നണി പ്രവേശനത്തിന് സിപിഐ പോലുള്ള ഘടകകക്ഷികളുടെ പ്രതികൂല നിലപാട് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ മാണി വിഭാഗം തിരികെ വരുമെന്നാണ് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഭൂരിഭാഗം നേതാക്കളും വിശ്വസിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി മാണിയെ വീണ്ടും വലതുപാളയത്തിലെത്തിക്കാൻ മുതിർന്ന നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തുമെന്ന് വ്യക്തമാക്കിയത്.

സിപിഐയുടെ എതിര്‍പ്പ് കൂടാതെ പിജെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പും മാണിയുടെ ഇടതു സ്‌നേഹത്തിന് തിരിച്ചടിയാകുന്നുണ്ട്. യുഡിഎഫിൽ നിൽക്കുന്നതാണ് അഭികാമ്യമെന്നാണ് ജോസഫ് ഉള്‍പ്പെടയുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ പെട്ടെന്ന് പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് മാണി.

ഇടത് പ്രവേശനത്തിന് കടമ്പകള്‍ ശക്തമായതിനാല്‍ അങ്കലാപ്പിലാണ് മാണി ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി ഒത്തുപോകാമെന്ന തീരുമാനം മാണിയെടുത്താല്‍ നിരാശരാകുന്നത് സിപിഎം ആയിരിക്കും. ഇങ്ങനെയൊരു നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത്.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ നീക്കം വിജയിച്ചാല്‍ മാണിയെ ഒപ്പം നിര്‍ത്തി കാര്യങ്ങള്‍ വരുതിയിലാക്കാമെന്ന സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്‌ണന്റെ ആഗ്രഹം വിഭലമാകും. സർക്കാരിന്റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്നതിനാല്‍ തോല്‍‌വി പാര്‍ട്ടിയേയും സര്‍ക്കാരിനെയും നിരാശയിലാക്കും.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ട് എന്നതാണ് യുഡിഎഫിനെയും സിപിഎമ്മിനെയും സമ്മര്‍ദ്ദത്തിലാക്കുന്നത്. തിരുവന്‍‌വണ്ടൂര്‍, മാന്നാര്‍, വെണ്മണി എന്നീ ഭാഗങ്ങളിലും മാണി വിഭാഗം ശക്തമാണ്. അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ആര്‍ക്കൊപ്പം നില്‍ക്കും എന്നത് ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ച്യൂയിംഗം പൊതുനിരത്തില്‍ തുപ്പിയാല്‍ മുക്കാല്‍ ലക്ഷം രൂപയോളം പിഴ - നിയമം ഉടന്‍ പാസാകും