ഡി കെ ശിവകുമാര്‍: കോണ്‍‌ഗ്രസിന്‍റെ ട്രബിള്‍ ഷൂട്ടര്‍ കുടുങ്ങിയതെങ്ങനെ?

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:11 IST)
കര്‍ണാടക രാഷ്ട്രീയം വീണ്ടും തിളച്ചുമറിയുകയാണ്. ഇത്തവണ, അക്രമസംഭവങ്ങളും അരങ്ങേറുന്നുണ്ട്. റോഡ് ഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടിരിക്കുന്നു. ബസുകള്‍ക്ക് നേരെ കല്ലേറും തീവെപ്പും. മുമ്പെന്നത്തേതിനേക്കാളും കൂടുതല്‍ കന്നടനാട് പ്രക്ഷുബ്‌ധമാകാന്‍ കാരണം ‘ഡികെ’യാണ് അറസ്റ്റിലായിരിക്കുന്നത് എന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന സാക്ഷാല്‍ ഡി കെ ശിവകുമാര്‍. തന്‍റെ പാര്‍ട്ടിയെ നിരവധി പ്രാവശ്യം പ്രതിസന്ധികളില്‍ നിന്ന് രക്ഷിച്ച ഡികെയെ തന്നെ കൂട്ടിലടച്ചാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റ് കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. 
 
പ്രതിസന്ധികളെ മുന്നോട്ടുകുതിക്കാനുള്ള ഇന്ധനമാക്കാനുള്ള ഡികെയുടെ കഴിവ് അറിയാവുന്നതുകൊണ്ടുതന്നെ, ഈ തിരിച്ചടിയും അദ്ദേഹത്തെ തളര്‍ത്തില്ലെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ വിശ്വസിക്കുന്നത്. ശിവകുമാറിനെതിരായ ആരോപണങ്ങളെല്ലാം വളരെ പഴയതാണെന്നും അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയ പകപോക്കലാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെ‌പിയെ നേര്‍ക്കുനേര്‍നിന്ന് തോല്‍പ്പിച്ച ഡികെയെ ഏതുരീതിയിലും കുടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റെന്നും കോണ്‍ഗ്രസ് പറയുന്നു.
 
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരമാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2018ലാണ് അദ്ദേഹത്തിനെതിരെ ചാര്‍ജ്ജുഷീറ്റ് ഫയല്‍ ചെയ്യുന്നത്. നാലുദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഡികെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
 
കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടാന്‍ ബി ജെ പിക്ക് മുന്നില്‍ ഒരു മതില്‍ പോലെ തടസമായി നിന്നത് ഡി കെ ശിവകുമാറായിരുന്നു. കുമാരസ്വാമിക്കെതിരായ അട്ടിമറിനീക്കങ്ങള്‍ ശിവകുമാര്‍ ഒറ്റയ്ക്ക് പലതവണ പൊളിച്ചു. ഡി കെയെ തങ്ങളുടെ ഭാഗത്തെത്തിക്കാന്‍ ബി ജെ പിയും കരുക്കള്‍ നീക്കിയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കാനായിരുന്നു ശിവകുമാറിന്‍റെ തീരുമാനം.
 
കോണ്‍ഗ്രസിലെ തന്നെ ഏറ്റവും സമ്പന്നരായ നേതാക്കളില്‍ ഒരാളാണ് ഡി കെ ശിവകുമാര്‍. പണവും പവറും ഒരുമിപ്പിച്ചുള്ള പൊളിറ്റിക്സില്‍ അഗ്രഗണ്യന്‍. അതുകൊണ്ടുതന്നെ ഡി കെയുടെ ഇപ്പോഴത്തെ അറസ്റ്റില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ബി ജെ പി ആയിരിക്കുമെന്നും ഉറപ്പാണ്. കര്‍ണാടക പി സി സി അധ്യക്ഷനാകാന്‍ ഡികെ ശ്രമം നടത്തുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
 
എന്തായാലും തകര്‍ച്ചകളില്‍ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവരാറുള്ള ഡി കെ ശിവകുമാര്‍ എന്‍‌ഫോഴ്സുമെന്‍റിന്‍റെ ഈ കുടുക്ക് ഭേദിച്ച് പുറത്തുവരുമോ എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ജോസോ, ജോസഫോ, കേരള കോൺഗ്രസ് ?