‘നഷ്‌ടമായത് വിലമതിക്കാനാകാത്ത സുഹൃത്തിനെയെന്ന് മോദി, സഹോദര തുല്ല്യനെന്ന് അമിത് ഷാ’; ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ച് പ്രമുഖര്‍

ശനി, 24 ഓഗസ്റ്റ് 2019 (15:03 IST)
വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്‌ടമായതെന്ന് അന്തരിച്ച അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്‌ട്രീയത്തിലെ അതികായനെയാണ് നഷ്‌ടമായത്. അദ്ദേഹത്തിന്റെ
കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി.

ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ജെയ്റ്റ്‌ലിയെന്ന് രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് പറഞ്ഞു. ബുദ്ധിമാനായ നിയമജ്ഞനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു അദ്ദേഹമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു. സഹോദര തുല്ല്യമായ നേതാവിനെയാണ് തനിക്ക് നഷ്ടമായതെന്ന് അമിത് ഷാ അനുസ്മരിച്ചു.

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.07 ഓടെയായിരുന്നു ജയ്‌റ്റ്ലിയുടെ അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ശ്വാസതടസത്തെ തുടർന്ന് ഈ മാസം ഒമ്പതിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്. 13ന് വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. ആദ്യം ചികിത്സകളോട് പ്രതികരിച്ചെങ്കിലും പിന്നീട് ആരോഗ്യനില വഷളായി.

പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതരും ഇന്ന് രാവിലയോടെ അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ജയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹോസ്‌റ്റല്‍ മുറിക്ക് സമീപം ഡ്രോണ്‍ ക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്താനെന്ന് വിദ്യാര്‍ഥിനികള്‍ - വിമാനമെന്ന് അധികൃതര്‍