ലോകത്താകമാനം ലൈംഗികരോഗങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 25 ലക്ഷത്തിലേറെ മരണങ്ങളുണ്ടാവുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഹെപ്പറ്റൈറ്റിസ് ബി,സി രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തിന്റെ പലയിടങ്ങളിലും ലൈംഗികരോഗങ്ങള്‍ കൂടികൊണ്ടിരിക്കുകയാണ്. 2022ല്‍ പുതിയ സിഫിലിസ് രോഗികള്‍ പത്തുലക്ഷമായി ഉയര്‍ന്നു. ആഗോളതലത്തില്‍ 80 ലക്ഷം രോഗികളാണുള്ളത്. ആഫ്രിക്കയിലും അമേരിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോഗികളുള്ളത്.
2030 ആകുമ്പോഴേക്കും ഈ മഹാമാരികള്‍ക്ക് അവസാനമുണ്ടാക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും സിഫിലിസിന് പുറമെ ഗൊണേറിയ,ക്ലമൈഡിയ,ട്രൈകോമോണിയാസിസ് എന്നീ രോഗങ്ങളുടെ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണ്. കൊവിഡ് കാലത്ത് സിഫിലിസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 2022ല്‍ 1.1 ദശലക്ഷം സിഫിലിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2,30,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ 1.2 ദശലക്ഷം ഹെപ്പറ്റൈറ്റിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദശലക്ഷം ഹെപ്പറ്റൈറ്റിസ് സി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. എച്ച്‌ഐവി കേസുകളില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.
ലൈംഗികബന്ധത്തിലൂടെ മാത്രമല്ല എച്ച്‌ഐവി,എച്ച്പിവി,സിഫിലിസ്,ഗൊണൊറിയ തുടങ്ങി 35 ഓളം ലൈംഗികരോഗങ്ങള്‍ പടരുന്നത്. അമ്മയില്‍ നിന്നും കുഞ്ഞിലേക്കും രക്തമാറ്റത്തിലൂടെയും അണുവിമുക്തമാകാത്ത സൂചി, ശസ്ത്രക്രിയ ഉപകരണങ്ങള്‍ വഴിയും രോഗം പടരാം. യോനിഭാഗം കൂടുതല്‍ വിസ്തൃതമായതിനാല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ലൈംഗികരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത അധികം.