Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊബര്‍ ഈറ്റ്‌സിനെയും സ്വിഗിയെയും സൊമാറ്റോയെയും ബഹിഷ്കരിക്കാനാവില്ല, തീരുമാനം നടപ്പാക്കാനാവാതെ ഹോട്ടലുടമകള്‍; കൊച്ചിയെ ആവേശിച്ച് പുതിയ ഭക്ഷണ സംസ്കാരം!

ഊബര്‍ ഈറ്റ്‌സിനെയും സ്വിഗിയെയും സൊമാറ്റോയെയും ബഹിഷ്കരിക്കാനാവില്ല, തീരുമാനം നടപ്പാക്കാനാവാതെ ഹോട്ടലുടമകള്‍; കൊച്ചിയെ ആവേശിച്ച് പുതിയ ഭക്ഷണ സംസ്കാരം!

ജോണ്‍ കെ ഏലിയാസ്

കൊച്ചി , തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (17:08 IST)
വന്‍ നഗരങ്ങളിലെ ഭക്ഷണ സംസ്കാരം ആകെ മാറുകയാണ്. അത് സ്വിഗിയും സൊമാറ്റോയും ഊബര്‍ ഈറ്റ്സുമെല്ലാം കയ്യടക്കിക്കഴിഞ്ഞു. വീട്ടിലിരുന്നുകൊണ്ട് ഏത് ഹോട്ടലിലെയും ഏത് ഭക്ഷണവും ഓര്‍ഡര്‍ ചെയ്യുകയും അത് വന്‍ ലാഭത്തില്‍ വാങ്ങിയെടുക്കാന്‍ കഴിയുകയും ചെയ്യുന്ന സംവിധാനത്തിന് അടിമകളായി കേരളവും മാറി. പ്രധാനമായും കൊച്ചിക്കാര്‍ ഈയൊരു രീതിയിലേക്ക് പൂര്‍ണമായും മാറിക്കഴിഞ്ഞു.
 
150 രൂപയുടെ ബിരിയാണി 60 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്ത് വീട്ടിലിരുന്ന് കഴിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ ഹോട്ടലിലേക്ക് പോകുന്നതെന്തിന് എന്ന ചിന്താഗതിയിലാണ് ജനങ്ങള്‍. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ കമ്പനികള്‍ ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ ഹോട്ടലുടമകള്‍ ഓണ്‍ലൈന്‍ കമ്പനികളെ ബഹിഷ്കരിക്കാനാണ് ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ ഓണ്‍ലൈന്‍ കമ്പനികളെ ബഹിഷ്കരിക്കാന്‍ കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ ബഹിഷ്കരണം നടപ്പിലാക്കാനായിരുന്നു തീരുമാനം.
 
webdunia
എന്നാല്‍ ഈ ബഹിഷ്കരണം നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് ഹോട്ടലുടമകള്‍. കാരണം, ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് വേണ്ടിമാത്രം ഭക്ഷണം ഉണ്ടാക്കി നല്‍കുന്ന ഒട്ടേറെ ഹോട്ടലുകള്‍ കൊച്ചിയിലുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ കമ്പനികളെ ബഹിഷ്കരിക്കുക എന്നത് നടപ്പിലാക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. ആപ്പുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ കുറച്ച് ഹോട്ടലുകള്‍ ഓഫ്‌ലൈന്‍ ആയിരിക്കുമെങ്കിലും അതിലുമെത്രയോ ഹോട്ടലുകള്‍ അതേ വിഭവങ്ങളുമായി ഓണ്‍ലൈനില്‍ സജീവമാണ്. അതുകൊണ്ടുതന്നെ യാതൊരു ഇം‌പാക്ടും ‘ഫുഡ് ആപ്പ് ബാന്‍’ സൃഷ്ടിക്കുന്നില്ല എന്നാണ് പരക്കെയുള്ള അഭിപ്രായം.
 
webdunia
ഓണ്‍ലൈന്‍ കമ്പനികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്നും മാര്‍ക്കറ്റ് പിടിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണവിതരണം നടത്തുന്നതെന്നും ഇപ്പോള്‍ മധുരിക്കുന്ന ഈ ഭക്ഷണ സംസ്കാരം അധികം വൈകാതെ കയ്ക്കുമെന്നും ഹോട്ടലുടമകള്‍ വാദിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് മറ്റൊരു കാര്യമാണ്. മതിയായ പാര്‍ക്കിംഗ് സൌകര്യം പോലുമില്ലാത്ത ഹോട്ടലുകളില്‍ തിക്കിത്തിരക്കി ഭക്ഷണം വാങ്ങുന്നതിന് പകരം ഇത്തരമൊരു സൌകര്യം വളരെ പ്രയോജനപ്രദമാണെന്നാണ് അവരുടെ അഭിപ്രായം. മാത്രമല്ല, വ്യത്യസ്തമായ വിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള വലിയ പ്ലാറ്റ്ഫോമാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളെന്നും ആളുകള്‍ പറയുന്നു. 
 
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ രംഗത്തെത്തിയതോടെ ഹോട്ടലുകളുടെ ഡോര്‍ ഡെലിവറി സംവിധാനത്തിന് തിരിച്ചടി ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഹോട്ടലുകള്‍ക്ക് നേരത്തേയുണ്ടായിരുന്ന പ്രാദേശിക ബിസിനസിലും ഇടിവുണ്ടായി. ഓണ്‍ലൈന്‍ ഭക്ഷണവില്‍പന നടത്താന്‍ സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍നിന്നു ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു. ഇത് ഹോട്ടല്‍ ബിസിനസിനെ സാരമായി ബാധിക്കുന്നതായും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. 
 
webdunia
ന്യൂജനറേഷന്‍ ഹോട്ടലുകാരാണ് ഓണ്‍ലൈന്‍ ബിസിനസുകാര്‍ക്ക് പിന്തുണ നല്‍കുന്നത്. കാലത്തിന് അനുസരിച്ച് മാറാത്തതാണ് ഹോട്ടലുടമകളുടെ പരാതിക്ക് കാരണമെന്നാണ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ രീതിയെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്.
 
ബഹുരാഷ്ട്ര കമ്പനികളെ മാറ്റി നിര്‍ത്തി സ്വന്തമായി ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കാന്‍ ഹോട്ടലുകളുടെ കൂട്ടായ്മ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതെത്രമാത്രം ഫലപ്രദമാകുമെന്നതില്‍ വ്യക്തതയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് കൊംഗോ പനിയെ ഭയക്കണം, കാരണം ഇതാണ് !