Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫയെ കാണാന്‍ കണ്ണില്ലാത്തവര്‍ !

ആസിഫയെ കാണാന്‍ കണ്ണില്ലാത്തവര്‍ !

ജോണ്‍ കെ ഏലിയാസ്

, വ്യാഴം, 12 ഏപ്രില്‍ 2018 (17:02 IST)
ആസിഫ എന്നത് ഇന്ന് കണ്ണീരുണങ്ങാത്ത ഒരു പേരാണ്. അവളും ഇന്ത്യയുടെ മകളാണ്. ഒരു എട്ടുവയസുകാരി പെണ്‍കുട്ടിയെ മയക്കുമരുന്നുനല്‍കി കൂട്ടബലാത്‌സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ നടുക്കുന്ന ഓര്‍മ്മയാണ് ഇന്ന് ആസിഫ എന്ന പേര് ഉണര്‍ത്തുന്നത്. മനുഷ്യര്‍ വെറും സമുദായത്തിന്‍റെയും മതത്തിന്‍റെയും മാത്രം വക്താക്കളായി മാറിപ്പോകുന്നതെന്തുകൊണ്ടാണ്? മനുഷ്യര്‍ എന്തുകൊണ്ടാണ് മനുഷ്യരാകാത്തത്?
 
മൂന്ന് തവണ ആസിഫയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ നീതിക്ക് കാവല്‍നില്‍‌ക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരുമുണ്ട് എന്നത് ഭീതിയുണര്‍ത്തുന്ന വസ്തുതയാണ്. ആറുപേര്‍ അടങ്ങുന്ന ആ സംഘത്തിലെ രണ്ടുപേര്‍ പൊലീസുകാരായിരുന്നു. മയക്കുമരുന്ന് നല്‍കിയതിന് ശേഷം ക്ഷേത്രത്തില്‍ വച്ചായിരുന്നു ആസിഫയെ അവര്‍ കൊല്ലാതെ കൊന്നതും പിന്നീട് കൊന്നതും. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് ഒരാളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ വിട്ടുകൊടുക്കാന്‍ അവര്‍ മറന്നില്ല. 
 
webdunia
ഒടുവില്‍ ആസിഫയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഒരു പൊലീസുകാരന്‍ മറ്റുള്ളവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം അയാള്‍ അവളെ വീണ്ടും ബലാത്സംഗം ചെയ്തു. ഒരു പ്രതി തന്റെ ഇടതുകാല്‍ ആസിഫയുടെ കഴുത്തില്‍ മുറുക്കിവച്ചശേഷം കൈകള്‍ കൊണ്ട് കഴുത്ത് ഒടിച്ചു. എന്നാല്‍ അവള്‍ മരിച്ചില്ല. പിന്നീട് ആസിഫയുടെ പുറത്ത് മുട്ടുകുത്തിനിന്ന് ഷാള്‍ കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി. മരിച്ചുവെന്ന് ഉറപ്പിക്കാനായി വലിയ കല്ലുകൊണ്ട് തലയില്‍ രണ്ടുതവണ ആഞ്ഞിടിച്ചു. ആസിഫ അനുഭവിച്ച ക്രൂരതയുടെ വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറഞ്ഞത്. ആ കുറ്റപത്രത്തിലെ വാചകങ്ങളെല്ലാം കണ്ണീരണിയാതെ വായിച്ചുപൂര്‍ത്തിയാക്കാന്‍ ഏത് കഠിനഹൃദയനും കഴിയുകയില്ല എന്നതാണ് വാസ്തവം.
 
അടക്കാനാവാത്ത കാമം മാത്രമല്ല ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നില്‍ എന്നാലോചിക്കുമ്പോഴാണ് നമ്മുടെ രാജ്യം ചെന്നുനില്‍ക്കുന്ന ഭീതിജനകമായ അവസ്ഥയെക്കുറിച്ച് കൂടുതല്‍ ബോധ്യപ്പെടുന്നത്. ജമ്മുവില്‍ കത്വായിലെ രസന ഗ്രാമത്തില്‍ ബ്രാഹ്‌മണര്‍ താമസിക്കുന്ന പ്രദേശത്ത് മുസ്ലിം നാടോടി കുടുംബങ്ങള്‍ താമസത്തിനായി എത്തിയതാണ് യഥാര്‍ത്ഥ കാരണം. ഈ മുസ്ലിങ്ങളെ ഭയപ്പെടുത്തി ഓടിക്കാനായാണ് ആസിഫയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്ത് കൊന്നത്.
 
webdunia
ജനവരി പത്തിന് വീടിന് പരിസരത്തുനിന്ന് കാണാതായ ആസിഫയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷം സമീപമുള്ള വനപ്രദേശത്തുനിന്ന് കണ്ടെത്തുകയായിരുന്നു. മൊത്തം എട്ടു പ്രതികള്‍ക്കെതിരെയാണ് ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാണാതായ ആസിഫയെ കണ്ടെത്താനായി ബന്ധുക്കള്‍ നാടുമുഴുവന്‍ അലയുമ്പോള്‍ ആ പ്രദേശത്തെ പൊലീസുകാര്‍ക്ക് അറിയാമായിരുന്നു കുട്ടി എവിടെയുണ്ടെന്ന്. അത് പുറത്തുവരാതിരിക്കാനും നടപടിയുണ്ടാകാതിരിക്കാനും പൊലീസുകാര്‍ക്ക് പ്രതികള്‍ കൈക്കൂലിയായി നല്‍കിയത് ഒന്നരലക്ഷം രൂപയാണ്. 
 
ഇപ്പോള്‍ പ്രതികളെ രക്ഷപ്പെടുത്താനായി ഒരു വിഭാഗം കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. പ്രതികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ വരുന്നു. ആസിഫയുടെ വേദനയെയും ആ കുടുംബത്തിന്‍റെ കണ്ണീരിനെയും കുറിച്ച് രാജ്യം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഒരു പിഞ്ചുകുഞ്ഞിനെതിരെ ഈ ക്രൂരകൃത്യം നടത്തിയ നരാധമന്‍‌മാര്‍ ഏത് പാര്‍ട്ടിയിലും വര്‍ഗത്തിലും പെട്ടവര്‍ ആയിക്കൊള്ളട്ടെ, അവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. ആസിഫയ്ക്ക് നീതികിട്ടണമെങ്കില്‍ ആ കൊലയാളികള്‍ക്കെല്ലാം നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ കിട്ടുകതന്നെ വേണം. അതിനുവേണ്ടിയാണ് എല്ലാ ശബ്ദവുമുയരേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസ്‌റ്റഡി മരണം: വ​രാ​പ്പു​ഴ എ​സ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരേ നടപടിക്കു സാധ്യത