Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരുവിക്കരയില്‍ ശബരീനാഥന്‍ തോല്‍ക്കുമോ? അട്ടിമറി സാധ്യത, തിരുവനന്തപുരം ഉറപ്പിച്ച് എഡിഎഫ്

അരുവിക്കരയില്‍ ശബരീനാഥന്‍ തോല്‍ക്കുമോ? അട്ടിമറി സാധ്യത, തിരുവനന്തപുരം ഉറപ്പിച്ച് എഡിഎഫ്

നെൽവിൻ വിൽസൺ

തിരുവനന്തപുരം , തിങ്കള്‍, 12 ഏപ്രില്‍ 2021 (14:51 IST)
മേയ് രണ്ട് വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനായി വോട്ടെടുപ്പിന് ശേഷം ഇത്ര നീണ്ട സമയം കാത്തിരിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍, മേയ് രണ്ട് വരെയുള്ള ദിവസങ്ങളില്‍ കൂട്ടിയും കിഴിച്ചും കളം നിറയുകയാണ് വിവിധ മുന്നണികള്‍. 
 
തലസ്ഥാനത്ത് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയായ നേമം മണ്ഡലം അടക്കം പിടിച്ചടക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. തെക്കന്‍ കേരളത്തിലെ 30 സീറ്റുകളില്‍ 26 എണ്ണവും നേടുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളില്‍ 11 ഇടത്തും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇടതുമുന്നണി. 
 
നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും വി.ശിവന്‍കുട്ടി ജയിക്കുമെന്നുമാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ ബിജെപി-കോണ്‍ഗ്രസ് ഒത്തുകളി നടന്നിട്ടുണ്ടെന്നും യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് വിമര്‍ശനമുന്നയിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്.നായര്‍ തന്നെ വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അപാകതകള്‍ ഉണ്ടായിരുന്നതായി പരോക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വട്ടിയൂര്‍ക്കാവില്‍ ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടായിരുന്നതായി സിപിഎം അടക്കം വിമര്‍ശിക്കുന്നത്. എങ്കിലും വി.കെ.പ്രശാന്തിന് തന്നെയാണ് വിജയസാധ്യതയെന്ന് എഡിഎഫ് വിലയിരുത്തുന്നുണ്ട്. 
 
യുഡിഎഫിന്റെ സിറ്റിങ് സീറ്റായ അരുവിക്കരയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അരുവിക്കരയില്‍ യുഡിഎഫ് അനായാസ വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയം തൊട്ട് യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. അഡ്വ.ജി.സ്റ്റീഫനെ കളത്തിലിറക്കിയുള്ള എല്‍ഡിഎഫിന്റെ നീക്കം ഒരുപരിധി വരെ വിജയംകണ്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥന് വെല്ലുവിളി ഉയര്‍ത്താന്‍ സ്റ്റീഫന് സാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയും മുന്നണിയും അവകാശപ്പെടുന്നത്. 1991 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് മാത്രം ജയിക്കുന്ന മണ്ഡലം ഇത്തവണ മാറിചിന്തിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള നാടാര്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയ ജി.സ്റ്റീഫന്‍. 
 
2016 ല്‍ 21,314 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ശബരീനാഥന്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി അന്ന് നേടിയത് 20,294 വോട്ടുകളാണ്. ഇത്തവണ ബിജെപി കൂടുതല്‍ വോട്ട് നേടുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി.സ്റ്റീഫന്‍ ശബരീനാഥന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്താല്‍ അരുവിക്കരയുടെ ഫലം പ്രവചനാതീതമാകും. 
 
2016 ല്‍ തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് ഒന്‍പത് സീറ്റും യുഡിഎഫ് നാല് സീറ്റും എന്‍ഡിഎ ഒരു സീറ്റുമാണ് ജയിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ എഡിഎഫിന്റെ സീറ്റുകളുടെ എണ്ണം പത്തും യുഡിഎഫിന്റേത് മൂന്നും ആയി. തിരുവനന്തപുരം, കോവളം സീറ്റുകളില്‍ എല്‍ഡിഎഫ് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ്‌കില്ല,സാമൂഹിക അകലവുമില്ല: കുംഭമേളയിലെ ഗംഗാസ്നാനത്തിനായി എത്തിയത് ലക്ഷങ്ങൾ: വീഡിയോ