മനുഷ്യജീവന്‍ അപഹരിക്കുന്ന അത്യന്തം ഗുരുതരമായ വിഷബാധയാണ് പേവിഷബാധ. പട്ടി കടിച്ചാല്‍ സമയം കളയാതെ ഉടന്‍ തന്നെ വൈദ്യസഹായം തേടി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് പറയുന്നതും അതുകൊണ്ടാണ്. കടിച്ച പട്ടിക്ക് പേവിഷബാധ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ മടിക്കരുത്.
പേവിഷബാധയ്ക്ക് എതിരായ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂയി പാസ്ചറാണ്. 1822 ഡിസംബര്‍ 27 ന് ജനിച്ച ഇദ്ദേഹം 1895 സെപ്റ്റംബര്‍ 28 നാണ് വിടവാങ്ങിയത്. അതിനിടയില്‍ മനുഷ്യകുലത്തിനു ഏറെ പ്രയോജനമുള്ള നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തി.
രസതന്ത്രവും മൈക്രോ ബയോളജിയുമാണ് ലൂയി പാസ്ചറിന്റെ പ്രധാന മേഖലകള്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത സൂക്ഷ്മ ജീവികളാണ് പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. പേവിഷബാധ, ആന്ത്രാക്‌സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. പേ ബാധിച്ച നായയുടെ തലച്ചോറില്‍ നിന്നും വേര്‍തിരിച്ചെടുത്ത ദ്രാവകമാണ് പ്രതിരോധ മരുന്നായി അദ്ദേഹം ഉപയോഗിച്ചത്.