Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷേപങ്ങൾ കനക്കുന്നു; സർക്കാരിന് മരണമണിയോ മസാല ബോണ്ട്?

മസാലബോണ്ടിന്റെ വ്യവസ്ഥകള്‍ മറച്ചുവെച്ചെന്നും ലാവ്‌ലിനുമായി ബന്ധമുളള കമ്പനിയാണ് കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയതെന്നുമാണ് ആദ്യം ഉയര്‍ന്ന ആരോപണങ്ങള്‍.

ആക്ഷേപങ്ങൾ കനക്കുന്നു; സർക്കാരിന് മരണമണിയോ മസാല ബോണ്ട്?
, ബുധന്‍, 29 മെയ് 2019 (15:42 IST)
സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസനത്തിന് പണം സമാഹരിക്കാന്‍ വേണ്ടി കിഫ്ബി വഴി നടപ്പാക്കിയ മസാല ബോണ്ടില്‍ സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ കനക്കുകയാണ്. മസാലബോണ്ടിന്റെ വ്യവസ്ഥകള്‍ മറച്ചുവെച്ചെന്നും ലാവ്‌ലിനുമായി ബന്ധമുളള കമ്പനിയാണ് കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയതെന്നുമാണ് ആദ്യം ഉയര്‍ന്ന ആരോപണങ്ങള്‍. നിയമസഭയില്‍ കിഫ്ബി -മസാല ബോണ്ട് വിവാദം രണ്ട് മണിക്കൂറോളം പ്രത്യേക ചര്‍ച്ചയാകുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതല്‍ കെ.എസ് ശബരിനാഥന്‍ വരെയുളളവര്‍ സര്‍ക്കാരിനെതിരെ അക്കമിട്ട ചോദ്യങ്ങളുമായി എത്തി. അതിലെ പ്രധാന ആരോപണങ്ങള്‍
 
മസാലബോണ്ട് സംസ്ഥാന സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. 9.72% എന്ന പലിശ നിരക്കില്‍ 2,150 കോടി രൂപയാണ് ബോണ്ട് വഴി കണ്ടെത്തുന്നത്. പലിശയടക്കം ഇത്  അഞ്ചോ- ഏഴോ വര്‍ഷങ്ങള്‍ കൊണ്ട് തിരിച്ചടക്കുമ്പോള്‍ 3,195 കോടി വരും. പലിശ മാത്രം ആയിരം കോടിയില്‍ അധികം വരും. ഇത് കേരളത്തിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും. വിദേശത്ത് നിന്ന് സ്വീകരിക്കുന്ന വായ്പകള്‍ക്ക് സാധാരണ ഗതിയില്‍ ചെറിയ പലിശ നിരക്കാണുളളത്.
 
രണ്ട് വര്‍ഷത്തിനിടയില്‍ ലണ്ടന്‍ സ്റ്റോക്ക്  എക്‌സ്‌ചേഞ്ചില്‍ 49 മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടിയ പലിശനിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത് കേരളത്തിലെ മസാലബോണ്ടിനാണ്. ഈ ബോണ്ടുകള്‍ കൂടുതലും വാങ്ങിയത് എസ്എന്‍സി ലാവ്‌ലിന് നിക്ഷേപമുളള സിഡിപിക്യു എന്ന കമ്പനിയാണ്. ലാവ്‌ലിന് സിഡിപിക്യുവില്‍ 20% ഓഹരിയുമുണ്ട്. ഈ സിഡിപിക്യു എത്ര ശതമാനം ബോണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കണം. ഈ ഇടപാടുകള്‍ വഴിവിട്ടതാണ്. അവിഹിതമായി ലാഭം ഉണ്ടാക്കാനുളള ശ്രമമാണിത്. 
 
മസാലബോണ്ടിന്റെ വിവരങ്ങള്‍ കിഫ്ബിയുടെ വെബ്‌സൈറ്റില്‍ ഇല്ല. അതേസമയം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യവുമാണ്. ഇതിലെ ദുരൂഹതകള്‍ നീക്കണം. മൊസാദ് പോലെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. ഒരു രേഖയും കിഫ്ബിയില്‍ നിന്ന് ലഭിക്കുന്നില്ല.
 
രേഖകള്‍ പ്രകാരം മാര്‍ച്ച് 29ന് മുമ്പുതന്നെ ബോണ്ടുകള്‍ വിറ്റഴിച്ചു. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചു. സിഡിപിക്യുവുമായുളള കച്ചവടം പ്രൈവറ്റ് ഇഷ്യു വഴിയാണോ എന്നതിന് ധനമന്ത്രി ഇനിയെങ്കിലും ഉത്തരം പറയണം. കാനഡയിലെ ക്യൂബക്കില്‍ ചെന്ന് രഹസ്യമായി എന്തിന് പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്തിയെന്ന് വ്യക്തമാക്കണം. മലയാളികളുടെ കണ്ണില്‍ പൊടിയിടാനാണ് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി മണിയടിച്ചത്.
 
മസാലബോണ്ടിന്റെ ഭാഗമായുളള പദ്ധതികളിലെ കണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ തുകയായി 12,240 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. ഇത്രവലിയ തുകയില്‍ അസ്വാഭാവികതയുണ്ട്. ഇതും സിഡിപിക്യുവിന്റെ പ്രൈവറ്റ് ലിസ്റ്റിങും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.
 
വിദേശ രാജ്യങ്ങളിൽ ഇന്ത്യന്‍ കറന്‍സിയില്‍ വിനിമയം സാധ്യമാക്കുന്ന   ബോണ്ടിനാണ് മസാലബോണ്ട് എന്ന് പറയുന്നത്. ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും തമ്മിലെ വിനിമയ മൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെയോ, സ്ഥാപനത്തെയോ ബാധിക്കില്ല. ബോണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിലെ റിസ്‌ക്. റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ 3,500 കോടി വിദേശ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കിഫ്ബി തീരുമാനം. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന് പുറമെ സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലത്ത് കുടപിടിക്കാതെ നടക്കാം, പറക്കും കുടയുമായി മജീഷ്യൻ !