പി ജയരാജനെ ഒതുക്കാനുള്ള നീക്കം വിജയിക്കുമോ ?; കളിക്ക് മറുകളിയുമായി ‘സഖാവ് പി’ സഖാക്കള്‍ക്കിടയിലേക്ക്
പി ജയരാജനെ ഒതുക്കാനുള്ള നീക്കം വിജയിക്കുമോ ?
മരണവക്കിൽ നിന്നും തിരിച്ചെത്തിയ പി ജയരാജന്‍ കണ്ണൂരിൽ പാർട്ടിയുടെ അവസാന വാക്കെന്ന നിലയിലേക്ക് മാറിയത് ചെറിയ കാലം കൊണ്ടല്ല. മടങ്ങിവരവിന് പിന്നാലെ ‘അടിക്ക് അടിയെന്ന’ ഫോര്‍മുല കണ്ണൂരില്‍ വ്യാപകമായതോടെ പാര്‍ട്ടിയിലും ജില്ലയിലും അദ്ദേഹം ശക്തനായി. ഇതോടെ സംസ്ഥാന ഘടകത്തെവരെ സ്വാധിനിക്കാന്‍ ശേഷിയുള്ള കണ്ണൂര്‍ ലോബി ശക്തമാകുകയും ചെയ്‌തു.
പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബിയാണെന്ന ആരോപണത്തെ സിപിഎം നേതൃത്വം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തള്ളിക്കളഞ്ഞുവെങ്കിലും പാര്‍ട്ടിയില്‍ ജയരാജന്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളരുകയും കണ്ണൂര്‍ ലോബിയെന്ന വിളിപ്പേര് ആസ്വദിക്കുകയും ചെയ്‌തു.
മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുകയാണെന്നും, ബിംബം പേറുന്ന കഴുതയാണ് വിഎസ് എന്നീ തരത്തിലുള്ള പരാമര്‍ശം നടത്താനും ജയരാജന് ആര്‍ജവുമുണ്ടായത് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന ‘അദൃശ്യ ശക്തി’ മൂലമായിരുന്നു.
കണ്ണൂരില്‍ മറ്റു പാര്‍ട്ടികളെ പിളര്‍ത്തി ചെങ്കൊടിക്ക് കീഴിലെത്തിച്ച ജയരാജന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ കൂടുതല്‍ ശക്തനായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും മുഖ്യമന്ത്രിക്കും ലഭിക്കാത്ത ആദരവും പരിഗണനയും ജയരാജന് ലഭിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ച് വിവാദങ്ങള്‍ തുടര്‍ച്ചയായതോടെ പിണറായി അദ്ദേഹത്തെ കൈവിട്ടതും അദ്ദേഹത്തിന് വിനയായത്.
കണ്ണൂര്‍ ലോബിയിലെ ശക്തരെന്ന് അറിയപ്പെടുന്ന ഇപി ജയരാജന്‍, എംവി ജയരാജന്‍ എന്നിവരായിരുന്നു പി ജയരാജന് പിന്നില്‍ എന്നുമുണ്ടായിരുന്നത്. പിണറായി സര്‍ക്കാരില്‍ നിന്നും ഇപി ജയരാജന് രാജിവയ്‌ക്കേണ്ടി വന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല എംവി ജയരാജന് ലഭിക്കുകയും ചെയ്‌തതോടെ കണ്ണൂരിൽ പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കി.
തന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയത് കണ്ണൂരില്‍ നിന്നു തന്നെയുള്ള ചില നേതാക്കളാണെന്ന് ഇപി വ്യക്തമാക്കിയതോടെ ജില്ലയിലെ പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീണു തുടങ്ങി. പിന്നാലെ, എംവി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പിണറായി എത്തിച്ചതോടെ ജില്ലയുടെ നിയന്ത്രണം മുഴുവന്‍ പി ജയരാജന്റെ കൈകളിലായി. ഈ രണ്ടു സംഭവങ്ങളാണ് നിലവിലെ വിവാദത്തിന് കാരണമായത്.
ഇപിയും എംവി ജയരാജനും ജില്ലയില്‍ ശ്രദ്ധ കാണിക്കാതെ വന്നതോടെ പി ജയരാജന്‍ ജില്ലയില്‍ അതിശക്തനായി. ഇതോടെ പിണറായി അടക്കമുള്ള നേതാക്കളില്‍ നിന്നുള്ള എതിര്‍പ്പിനും കാരണമായി. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം ഇതിന്റെ ഭാഗമായിരുന്നു. ജീവിത രേഖ വെളിവാക്കുന്ന നൃത്ത ശിൽപം അവതരിപ്പിച്ചും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും ജനപ്രീതിയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് ആരോപണം. പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പതറി. കൂടെ നിന്നവരും കൂടെ ഉണ്ടായിരുന്നവരും കൈവിടുന്നത് കണ്ടറിയേണ്ട സാഹചര്യമുണ്ടായി അദ്ദേഹത്തിന്.
ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാവേദി പുറത്തിറക്കിയ ചഞ്ചോരപ്പൊൻകതിരും ചെന്താരകവുമാക്കി ആൽബവുമിറക്കിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഗാനത്തില്‍ ഉടനീളം ഉപമകളും വ്യക്തി പരാമശങ്ങളുമാണ് ഉള്ളത്. പാര്‍ട്ടിയുടെ ഏറ്റവും ജനസമ്മതനായ നേതാവെന്ന് അറിയപ്പെടുന്ന നായനാരുടെ പോലും ജീവിതരേഖ തയാറാക്കിയിട്ടില്ലെന്നിരിക്കെയാണ് ഈ നീക്കമുണ്ടായത്.
തന്നെ വളര്‍ത്തിയവര്‍ക്കു വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ജയരാജന്‍ വ്യക്തമാക്കിയപ്പോള്‍ മറുവശത്ത് പിണറായി വിജയനും കോടിയേരിയും അദ്ദേഹത്തിനെതിരെ പടയൊരുക്കം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വരെയിരിക്കുന്ന വേദികളിൽപ്പോലും പി ജയരാജനെ ക്ഷണിക്കുമ്പോൾ ലഭിക്കുന്ന സ്വീകാര്യത്തെ ഇരുവരിലും അതൃപ്‌തിയുണ്ടാക്കി. കൂടാതെ, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ചര്‍ച്ചയ്‌ക്ക് തയ്യാറാകുന്നുമില്ലെന്ന ജയരാജനെതിരായ ആരോപണം അദ്ദേഹത്തിന് തിരിച്ചടിയായി.
കണ്ണൂരിലെ തന്നെ നേതാക്കള്‍ ജയരാജനെതിരെ തിരിഞ്ഞപ്പോള്‍ കോടിയേരി ബാലകൃഷ്‌ണന്‍ നീക്കം തടയാതിരുന്നതും പരാതി പരിശോധിക്കണമെന്ന് നിലപാട് സ്വീകരിച്ചതും നിസാരമായി തള്ളിക്കളയാന്‍ ജയരാജന്‍ അനുകൂലികള്‍ തയ്യാറല്ല. എന്നാല്‍, കണ്ണൂര്‍ ലോബിയില്‍ ശക്തമായിരിക്കുന്ന ശീതസമരം ഇല്ലാതാക്കുകയാണ് നേതൃത്വം ലക്ഷ്യംവയ്‌ക്കുന്നത്. ജനങ്ങളുമായും പ്രവര്‍ത്തകരുമായും അടുത്തു നില്‍ക്കുന്ന ജയരാജന്റെ ശക്തി ഇല്ലാതാക്കി പാര്‍ട്ടി ചട്ടക്കൂട്ടില്‍ അദ്ദേഹത്തെ തളച്ചിടുകയാണോ നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നതെന്ന കാര്യത്തില്‍ സംശമുണ്ട്.
ഏരിയാ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ജയരാജനെതിരെ നേതൃത്വത്തില്‍ നിന്നും തിരിച്ചടികള്‍ ലഭിച്ചേക്കും. പാര്‍ട്ടിയില്‍ ശക്തനായി വളര്‍ന്ന് വീരപുരുഷനായി മാറുകയും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടി വരുകയും ചെയ്‌ത എംവി രാഘവന്റെ അവസ്ഥ ഇപി ജയരാജനും ഉണ്ടാകുമോ എന്ന് സംശയിക്കുന്നവും പാര്‍ട്ടിയിലുണ്ട്. അതിനൊപ്പം, നേതൃത്തിന്റെ അതൃപ്‌തിക്ക് പാത്രാമായതിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്‌ടപ്പെടുന്ന സാഹചര്യവുമുണ്ടായാല്‍ അദ്ദേഹം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.