‘ഇത് കമ്മ്യൂണിസ്റ്റിനു ചേര്‍ന്നതല്ല’ ; പി ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശനം
സിപിഎമ്മില്‍ പൊട്ടിത്തെറി; പി ജയരാജനെതിരെ സമിതിയില്‍ വിമര്‍ശനം
സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജനെതിരെ സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ജയരാജൻ വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുകയാണെന്നായിരുന്നു ചർച്ചക്കിടെ കണ്ണൂരിലെ ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം.
സ്വയം മഹത്വവത്കരിക്കാന്‍ ജയരാജന്‍ ശ്രമിക്കുകയാണെന്നും ഇതിനായി ജീവിതരേഖയും പാട്ടുകളും പുറത്തിറക്കിയതായും പാര്‍ട്ടി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇത്തരം രീതികള്‍ കമ്മ്യൂണിസ്റ്റിന് ചേര്‍ന്നതല്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
ഇത് പാർട്ടിരീതിക്ക് നിരക്കുന്നതല്ലെന്ന വിമർശനവും ഉയർന്നു. എന്നാൽ, വ്യക്തിപ്രഭാവം വളർത്താൻ ശ്രമിച്ചിട്ടില്ലെനും ഭാവിയില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്നും പി ജയരാജന്‍ വിശദീകരണം നല്‍കി. ജനജാഗ്രത യാത്രയുടെ സംഘാടനത്തിൽ ജാഗ്രതക്കുറവ് സംഭവിച്ചതായി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
അതോടൊപ്പം, പാര്‍ട്ടിയുടെ നീക്കം തന്നെ അമ്പരപ്പിച്ചെന്ന് അഭിപ്രായം രേഖപ്പെടുത്തി സംസ്ഥാന സമിതിയില്‍ നിന്നും ഇറങ്ങിപോയ ജയരാജന്‍ പ്രതികരിച്ചു. ജീവിത രേഖയും മറ്റും തയാറാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും കെകെ രാഗേഷ് എംപിയാണ് രേഖകള്‍ തയാറാക്കിയതെന്നും ജയരാജന്‍ പറഞ്ഞു.
തനിക്കെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്ന് പി. ജയരാജന്‍ അറിയിച്ചെന്നും സൂചനയുണ്ട്.