Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിക്ക് കുന്നോളം ആശങ്ക; കെജ്‌രിവള്‍ പിണറായിയെ കണ്ടത് ഈയൊരു ലക്ഷ്യം കണ്ടുകൊണ്ടായിരുന്നോ ?

കെജ്‌രിവള്‍ പിണറായിയെ കണ്ടത് ഈയൊരു ലക്ഷ്യത്തിനോ ?

ബിജെപിക്ക് കുന്നോളം ആശങ്ക; കെജ്‌രിവള്‍ പിണറായിയെ കണ്ടത് ഈയൊരു ലക്ഷ്യം കണ്ടുകൊണ്ടായിരുന്നോ ?
ന്യൂഡല്‍ഹി/തിരുവനന്തപുരം , ബുധന്‍, 19 ഏപ്രില്‍ 2017 (19:30 IST)
കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ഇന്നത്തെ സാഹചര്യത്തില്‍ അതീവ പ്രാധാന്യമുണ്ട്. ബിജെപിക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന രണ്ട് മുഖ്യമന്ത്രിമാരാണ് ഒരു മേശയ്‌ക്ക് ഇരുവശത്തുമായി ഇരുന്നത്.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചതുകൊണ്ട് കാര്യമില്ലെന്നും മതനിരപേക്ഷ ശക്തികളുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് ഇപ്പോഴും മടിയില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയത് ബിജെപിക്കും കോണ്‍ഗ്രസിനുമുള്ള അടിയാണെന്നതില്‍ സംശയമില്ല. സംസ്ഥാനങ്ങളുടെ അധികാരം കവരാനുളള ശ്രമങ്ങളോട് യോജിക്കാനാവില്ലെന്നും ഡല്‍ഹി സര്‍ക്കാരിനെ സര്‍ക്കാരായിട്ട് തന്നെ കാണണമെന്ന പിണറായിയുടെ പ്രസ്‌താവന കൊള്ളുന്നത് കേന്ദ്രസര്‍ക്കാരിനാണ്.

ബിജെപിയുടെ വളര്‍ച്ചയെ തടയാന്‍ ഇന്നത്തെ കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നത് സത്യമാണ്. ദേശീയതലത്തില്‍ കരുത്തില്ലെങ്കിലും ബിജെപിയെ കേരളത്തില്‍ പ്രതിരോധിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ട്. ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുന്നത് അതിന്റെ ഭാഗമാണ്.

അതേസമയം, ഡല്‍ഹിയില്‍ കാര്യങ്ങള്‍ മറിച്ചല്ല. കെജ്‌രിവാളില്‍ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടി ബിജെപിയെ തളര്‍ത്തി. ഒളിഞ്ഞും തെളിഞ്ഞും ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങളി കൈകടത്താന്‍ പോലും ബിജെപി ശ്രമം നടത്തുകയും, അത് തുടരുകയും ചെയ്യുന്നു.

ഡല്‍ഹിയോടുളള കേന്ദ്രത്തിന്റെ സമീപനം ശരിയല്ലെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പിണറായി പറഞ്ഞത് ബിജെപിക്കുള്ള ഒരു മുന്നറിയിപ്പാണ്. ബിജെപിക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സി പി എം ഒപ്പമുണ്ടാകുമെന്ന ഉറപ്പ് കേരള മുഖ്യമന്ത്രി കെജ്‌രിവാളിന് നല്‍കിയോ എന്നത് ഇപ്പോള്‍ വ്യക്തമല്ല. കൂടിക്കാഴ്‌ചയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തുവെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ തുറന്നു പറച്ചില്‍ വെളിച്ചം വീശുന്നത് ബിജെപിക്കെതിരെ ചര്‍ച്ച നടന്നു എന്നതിലാണ്.

കേരളത്തില്‍ ആം ആദ്‌മിക്ക് ചെറിയ സാന്നിധ്യമുണ്ട്. വരും കാലങ്ങളില്‍ സംസ്ഥാനത്ത് ആം ആദ്‌മിയെ ഒപ്പം നിര്‍ത്താന്‍ സാധിച്ചേക്കാം. കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോര് നടത്തുന്ന കെജ്‌രിവാളിന് മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്ന് പിന്തുണയില്ല. കോണ്‍ഗ്രസ് ഇന്ന് ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നത് പരമാര്‍ഥമാണ്. ഈയൊരു അവസ്ഥയില്‍ ഇടതുപാര്‍ട്ടികളുമായുള്ള ബന്ധമാണ് നല്ലതെന്ന തോന്നലും ഡല്‍ഹി മുഖ്യമന്ത്രിക്കുണ്ട്. പിണറായിയുമായുള്ള  കൂടിക്കാഴ്ചയെ പുതിയ തുടക്കമെന്ന് വിശേഷിപ്പിക്കാമെന്ന കെജ്‌രിവാളിന്റെ വാക്കുകള്‍ കുറിക്കു കൊള്ളുന്നതാണ്.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാമെന്ന നയമാണ് കെജ്‌രിവാളും പിണറായിയും കൂടിക്കാഴ്‌ചയില്‍ എടുത്തതെങ്കില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയുണ്ടാകും. കേരളത്തില്‍ സ്വാധീനം ശക്തമാക്കിയാല്‍ മാത്രമെ പ്രവര്‍ത്തനം പൂര്‍ണ്ണമായി വിജയിച്ചുവെന്ന് പറയാന്‍ സാധിക്കുകയള്ളുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ തങ്ങള്‍ക്ക് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന കെജ്‌രിവാള്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത് അമിത് ഷായെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കം തടസപ്പെടുത്തിയതിന് സഹോദരനെ വെട്ടിനുറുക്കി; കൈകള്‍ മുറിച്ചു മാറ്റിയശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിയെടുത്തു!