Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

‘പച്ച’ പരവതാനിയിലൂടെ മാണിയുടെ തിരിച്ചുവരവ്; നേട്ടം കൊയ്‌ത് ബിജെപി - ശോഷിച്ച് കോണ്‍ഗ്രസ്

‘പച്ച’ പരവതാനിയിലൂടെ മാണിയുടെ വരവ്; നേട്ടം കൊയ്‌ത് ബിജെപി - ശോഷിച്ച് കോണ്‍ഗ്രസ്

rajyasabha seat

നവ്യാ വാസുദേവ്

കോഴിക്കോട് , വെള്ളി, 8 ജൂണ്‍ 2018 (18:47 IST)
മുന്നണിക്ക് പുറത്തായിരുന്ന കേരളാ കോണ്‍ഗ്രസിന് (എം) രാജ്യസഭാ സീറ്റ് നല്‍കിയതോടെ പൊട്ടിത്തെറി കോണ്‍ഗ്രസിന് കൂടുതല്‍ പരിക്കുകളേല്‍പ്പിക്കുകയാണ്. തീരുമാനം പുന:പരിശോധിക്കില്ലെന്ന്  ഹൈക്കമാൻഡ് പറയുമ്പോള്‍ തന്നെ സംസ്ഥാന നേതൃത്വം ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കാനൊരുങ്ങുകയാണ്.

മുന്നണിയെ നയിക്കേണ്ട കോണ്‍ഗ്രസിനെ നിശബ്ദമാക്കി മുസ്ലിം ലീഗ് കളിച്ച കളിക്ക് സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. രാജ്യസഭാ സീറ്റ് കെ എം മാണി വിഭാഗത്തിന് നല്‍കിയ തീരുമാനം ബിജെപിക്ക് മാത്രമെ ഗുണം ചെയ്യുകയുള്ളൂവെന്ന മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ മുന്നറിയിപ്പാണ് രമേശ് ചെന്നിത്തലയെ ഭയപ്പെടുത്തുന്നത്.

കോണ്‍ഗ്രസ് നേതാക്കളെ വലവീശി പിടിക്കാനിരുന്ന ബിജെപിക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണിത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ മികച്ച സ്ഥാനങ്ങളിലേക്കു പോയേക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മൂന്നണിയില്‍ ലീഗിനും കേരളാ കോണ്‍ഗ്രസിനും അമിത പ്രാധാന്യം നല്‍കുന്നതാണ് സാധാരണ പ്രവര്‍ത്തകരെയും നേതാക്കളെയും ചൊടിപ്പിക്കുന്നത്.

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പ്രകടിപ്പിച്ച എതിര്‍പ്പും നേട്ടമാകുന്നത് ബിജെപിക്കാണ്. യുവനേതാവും കെപിസിസി സെക്രട്ടറിയുമായ കെ ജയന്താണ് പാർട്ടി ഭാരവാഹിത്വം രാജിവച്ചത് ഇതിന്റെ ഭാഗമാണ്.

കേരളീയ സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് ഈ ​
തീരുമാനം ഊർജം പകരുമെന്നും, ഈ അപകടം​തിരിച്ചറിയാൻ കെപിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്ക് സാധിച്ചില്ല എന്നത് ഖേദകരമാണെന്നും ജയന്ത് കുറ്റപ്പെടുത്തി.

രണ്ടു വര്‍ഷക്കാലം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എല്‍ഡിഎഫിനെ പുകഴ്‌ത്തിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. സിപിഐയുടെ കടുത്ത എതിര്‍പ്പ് മൂലം ഇടതില്‍ പ്രവേശനം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മാണി വലത്തോട്ട് തിരിഞ്ഞത്. ഇതെല്ലാം കണ്ടും കേട്ടുമിരുന്ന കോണ്‍ഗ്രസ് നേതൃത്വം ലീഗിന്റെ ചൊല്‍പ്പടിക്ക് നിന്ന് മാണിക്ക് പരവതാനി വിരിച്ചതാണ് കോണ്‍ഗ്രസിനെ യുവതുര്‍ക്കികളുടെയും പ്രവര്‍ത്തകരുടെയും ‘ചോര തിളപ്പിച്ച’ത്.

2019ലെ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് വിജയിച്ചാലും കേരളത്തിൽ തിരിച്ചടി നേരിടുമെന്ന് നേതാക്കള്‍ പറഞ്ഞുവെക്കുന്നതിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ  ഇത്തരത്തിലുള്ള പിടിപ്പുകേടാണ്. മൂന്നണിയില്‍ ലീഗിനും കേരളാ കോണ്‍ഗ്രസും അമിത പ്രാധാന്യം ലഭിക്കുന്നതോടെ പ്രവര്‍ത്തകര്‍ കൂട്ടമായി സിപിഎമ്മിലേക്ക് ബിജെപിയിലേക്കും പോകും. ബിജെപിയിലേക്കാകും ഈ ഒഴുക്ക് കൂടുതലായി ഉണ്ടാകുക.

അതേസമയം, കോണ്‍ഗ്രസിനെ അസംതൃപ്‌തരായ നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിച്ച് പാര്‍ട്ടി ദേശീയ സമതിയംഗം പി കെ കൃഷ്‌ണദാസ് രംഗത്തുവന്നു. ബിജെപിയുടെ വാതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തുടനീളം കോണ്‍ഗ്രസ് ശിഥിലീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ അന്ത്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണിക്ക് സീറ്റുകൊടുത്തതിന് പിന്നില്‍ ആ മൂന്നുപേര്‍, ഇതിന്‍റെ ഫലം പ്രവര്‍ത്തകര്‍ അനുഭവിക്കും: ഉണ്ണിത്താന്‍